'മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ എഴുതിയതല്ല'; ആത്മകഥ വിവാദത്തില്‍ വാദം ആവര്‍ത്തിച്ച് ഇപി
ആത്മകഥ വിവാദത്തില്‍ വാദം ആവര്‍ത്തിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ എഴുതിയതല്ലെന്നും ഡിസി ബുക്‌സിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ലെന്നും ഇ പി പറഞ്ഞു. അതേസമയം ആത്മകഥ എഴുതുന്നത് സ്വയമായാണെന്നും, കൂലിക്ക് എഴുതിപ്പിക്കുന്ന രീതിയില്ലെന്നും ഇ പി പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിനം തന്നെ ഇത്തരമൊരു വിവാദമുണ്ടായത് ആസൂത്രിതമാന്നാണ് ഇ പി ആരോപിക്കുന്നത്. ആത്മകഥ എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ അനുവാദം വാങ്ങുമെന്നും ഇ.പി വ്യക്തമാക്കി.
ആത്മകഥ ഇപ്പോള്‍ എഴുതുകയാണ്. അത് പൂര്‍ത്തിയായിട്ടില്ല. ആര്‍ക്കും പ്രസാധന ചുമതല നല്‍കിയിട്ടില്ല. ഡി.സി. ബുക്‌സും മാതൃഭൂമിയും സമീപിച്ചിരുന്നു. ഒരാള്‍ക്കും കരാര്‍ നല്‍കിയിട്ടില്ല. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏല്‍പ്പിക്കുന്നില്ല. ഭാഷാശുദ്ധി വരുത്താന്‍ വേണ്ടി മാത്രം ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ തനിക്ക് മാത്രമാണ് അധികാരം. ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. കവര്‍ പേജ് പോലും ഇന്നലെയാണ് കാണുന്നത്. പുസ്‌തകം അധികം താമസിയാതെ പുറത്തിറക്കും. അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും ഇ പി പറഞ്ഞു.
പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കിയാണ് ആത്മകഥാ വിവാദം ഉടലെടുക്കുന്നത്. 'കട്ടന്‍ ചായയും പരിപ്പ് വടയും' എന്ന ആത്മകഥയുടെ ഭാഗങ്ങളാണ് പുറത്ത് വന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി എന്നെ മനസ്സിലാക്കിയില്ലെന്നും പുസ്തകത്തില്‍ പറയുന്നു. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്ത് വന്നത്.