പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നിന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തനിക്ക് പാര്‍ട്ടിക്കുളില്‍ നേരിടേണ്ടി വന്ന അവഗണനകള്‍ സന്ദീപ് അറിയിച്ചിരുന്നു.
പിന്നീട് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സന്ദീപ് വാര്യരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്നത്.
അപ്രസക്തനായ വ്യക്തി അപ്രസക്തമായ പാര്‍ട്ടിയിലേക്ക് പോകുന്നുവെന്നാണ് ബിജെപി ദേശീയ നേതാവും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചത്.