ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം അനുവദിച്ചത് പരാതി നല്‍കിയത് എട്ടു വര്‍ഷത്തിന് ശേഷം എന്നത് പരിഗണിച്ചാണ്. സിദ്ദിഖ് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞ ആഴ്ച പരിഗണിച്ച കേസ് തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പൊലീസ് തനിക്കെതിരെ ഉന്നയിക്കുന്നു എന്നുമുള്ള വാദങ്ങള്‍ ആയിരുന്നു സിദ്ദിഖിന്റെത്.
പീഡനപരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാന്‍ കാണിച്ച ധൈര്യം പോലീസില്‍ പരാതി നല്‍കാന്‍ പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. ബലാത്സംഗ കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണ കോടതി സിദ്ദീഖിന് ജാമ്യം അനുവദിക്കണം.
സിദ്ദീഖിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.