മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ ഉള്‍പ്പെടെ 7നടന്‍മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികളില്‍ നിന്ന് ആലുവയിലുള്ള നടി പിന്‍മാറുന്നു. നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു.
തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും നടി ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍മാരായ എം മുകേഷ് എംഎല്‍എ, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു, എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. നടിയുടെ വെളിപ്പെടുത്തല്‍ സിനിമ മേഖലയിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ വന്‍ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ നാടകീയ പിന്‍മാറ്റം.
കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരായിരുന്നു കേസ്.