വനിതാ സിവില്‍ പോലീസ് ഓഫീസറെ പെട്രോളൊഴിച്ചു തീകൊളുത്തി വെട്ടിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
കണ്ണൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസറെ പെട്രോളൊഴിച്ചു തീകൊളുത്തിയശേഷം ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്നലെ വൈകിട്ട് 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്.
ദിവ്യശ്രീയുടെ പിതാവ് വാസുവിനെ പരുക്കേറ്റ നിലയില്‍ കണ്ണൂര്‍ ബി.എം.എച്ച്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട രാജേഷിനെ രാത്രി എട്ടോടെ പോലീസ് പിടികൂടി. പോലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
രാജേഷ് രക്ഷപ്പെട്ട ഉടന്‍ കണ്ണൂരിലെയും കാസര്‍ഗോട്ടെയും കോഴിക്കോട്ടെയും പോലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചിരുന്നു. പുതിയതെരുവിലെ ബാറില്‍വച്ചാണ് ഇയാളെ പിടികൂടിയത്.
ദിവ്യശ്രീ വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭര്‍ത്താവ് രാജേഷിന്റെ മൊഴിയില്‍ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വര്‍ണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്.
ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു.