കല്‍പറ്റ: വോട്ടിങ് ശതമാനം കുറഞ്ഞിട്ടും വയനാട്ടില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നേടി പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ അരങ്ങേറ്റം. പ്രിയങ്കയുടെ ഭൂരിപക്ഷം 4 ലക്ഷം കടന്നു . മണ്ഡല രൂപീകരണ കാലംമുതല്‍ യു.ഡി.എഫിനെ കൈവിടാത്ത വയനാട് ലോക്‌സഭാ മണ്ഡലം ഇത്തവണയും മാറ്റമൊന്നുമില്ലാതെ തുടരുമെന്നാണ് ഉപതിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഇടതു മുന്നണിയിലെ സത്യന്‍ മൊകേരിയെക്കാളും എന്‍ഡിഎ യിലെ നവ്യ ഹരിദാസിനെക്കാളും നാലും അഞ്ചും ഇരട്ടിയാണ് പ്രിയങ്ക നേടിയ വോട്ട്.
2009-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടതെങ്കിലും അന്നുമുതല്‍ ഇങ്ങോട്ട് യു.ഡി.എഫിന്റെ ഉറച്ചകോട്ടയായിരുന്നു. 2009-ല്‍ 153439 വോട്ടിന്റെയും 2014 -ല്‍ 20870 വോട്ടിന്റെയും ഭരിപക്ഷത്തില്‍ എം.ഐ ഷാനവാസിനെ വിജയിപ്പിച്ച മണ്ഡലം, 2019-ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയത്.
രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ശേഷം വയനാട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടായപ്പോള്‍ അത് മൂന്ന് മുന്നണികളേളേയും ആശങ്കപ്പെടുത്തിയിരുന്നുവെങ്കിലും തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാനായെന്ന ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. അത് ശരിവെക്കുന്നതാണ് ഫലസൂചനകള്‍.