മഹാരാഷ്ട്രയില്‍ ബിജെപി സഖ്യവും ജാര്‍ഖണ്ഡില്‍ 'ഇന്ത്യ' സഖ്യവും ഭരണത്തുടര്‍ച്ച നേടി
മുംബൈ: രാജ്യം ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചിറകിലേറി മഹാരാഷ്ട്രയില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തിയപ്പോള്‍ ജാര്‍ഖണ്ഡ് പിടികൊടുത്തില്ല. മഹാരാഷ്ട്രയില്‍ 224 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം നടത്തിയപ്പോള്‍ ജാര്‍ഖണ്ഡില്‍ മുന്നിലെത്താനായത് 29 സീറ്റുകളിലായിരുന്നു. 51 സീറ്റുകള്‍ നേടിയ ജെഎംഎം ഇന്ത്യസഖ്യം ഭരണം നിലനിര്‍ത്തും.
മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിയ്ക്കു വലിയ ആഘാതം സമ്മാനിച്ചാണ് ബിജെപി സഖ്യം മൃഗീയ ഭൂരിപക്ഷം നേടിയത്. പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരും മുന്നിലാണ്.
ആദ്യഘട്ടത്തില്‍ ജാര്‍ഖണ്ഡില്‍ ബിജെപി ലീഡ് എടുത്തപ്പോഴൊന്നും ജെഎംഎമ്മിന്റെ ഹേമന്ദ് സോറന്‍ ആശങ്കപ്പെട്ടില്ല. അപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ 10 മണിയോടെ ഇന്ത്യ സഖ്യം 81 സീറ്റുകളില്‍ 51 ലും മേല്‍ക്കൈ നേടി. ബര്‍ഹൈത്തില്‍ ആയിരുന്നു മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മത്സരിച്ചത്. ബിജെപിയുടെ ഗാംലിയേല്‍ ഹെംബ്രോമിനെക്കാള്‍ ലീഡ് നിലനിര്‍ത്തി.
മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികളും കാര്യമായ ലീഡ് നേടിയിട്ടുണ്ട്. എക്സിറ്റ് പോളുകള്‍ വ്യത്യസ്ത പ്രവചനങ്ങളുള്ള ജാര്‍ഖണ്ഡില്‍ ശക്തമായ പോരാട്ടം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തി ഇന്ത്യ മുന്നണി വ്യക്തമായ മുന്‍തൂക്കം നേടിയരിക്കുകയാണ്.