നവീന്‍ ബാബുവിന്റെ മരണം: ദുരൂഹത നീങ്ങുന്നില്ല; സിബിഐ വരുമോ?
കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയമുന്നയിച്ച് കുടുംബം. കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ബന്ധുക്കളെത്തും മുമ്പ് ഇന്‍ക്വസ്റ്റ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗുരുതരമായ ആരോപണം ഉള്ളത്.
ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലക്കെടുക്കാനാകില്ല. ഇന്‍ക്വസ്റ്റ് നടത്തുന്നതിലടക്കം പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടുണ്ട്. ബന്ധുക്കളെത്തുന്നതിന് മുമ്പ് തന്നെ ഇന്‍ക്വസ്റ്റ് നടത്തി. സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചില്ല. തെളിവുകള്‍ കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.
പൊലീസ് അന്വേഷണത്തില്‍ കുടുംബത്തിന് തൃപ്തിയില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തുവിടുന്നുണ്ട്. സി പി എം നേതാവാണ് കേസിലെ പ്രതി. ഭരണതലത്തിലടക്കം അവര്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. അതിനാല്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു പൊതുതാത്പര്യ ഹര്‍ജി കൂടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചേര്‍ത്തല സ്വദേശി മുരളീധരനാണ് ഹര്‍ജി നല്‍കിയത്. സി ബി ഐ അന്വേഷണം വേണമെന്നാണ് മുരളീധരനും ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 15 നാണ് നവീനിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കളക്ടറുടെയും ദിവ്യയുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും തെളിവുകള്‍ സംരക്ഷിക്കപ്പെടണമെന്നും മഞ്ജുഷ മജിസ്‌ട്രേറ്റ് കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. വിവാദ പമ്പ് ബിനാമി ഇടപാടാണെന്നും നവീനെതിരെ പ്രശാന്തന്റെ പേരില്‍ പ്രചരിച്ച പരാതിക്കത്ത് വ്യാജമാണെന്ന് വ്യക്തമായിട്ടും ആ വഴിയ്ക്കു അന്വേഷണം നീണ്ടില്ല. കൂടാതെ പ്രശാന്തന്റെ പല പ്രവൃത്തികളും സംശയകരമാണ്. എന്നാല്‍ പ്രശാന്തനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേത്.