നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി വിദേശത്തു നിന്നുള്ള ആദ്യ ഓമന മൃഗം ഇന്ന് കൊച്ചിയിലെത്തും. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നിന്ന് ദേവിക എന്ന വീട്ടമ്മയോടൊപ്പമാണ് അവരുടെ ഓമനയായ പൂച്ചക്കുട്ടി എത്തുക.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 10നാണ്, വിമാനത്താവള കാര്‍ഗോ വിഭാഗത്തില്‍ വിദേശത്തേക്ക് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടു വരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം (എക്യുസിഎസ്) ആരംഭിച്ചത്. നേരത്തേ മൃഗങ്ങളെ ഇത്തരത്തില്‍ കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
ഇറക്കുമതി ചെയ്യുന്നതിന് 7 ദിവസം മുന്‍പെങ്കിലും ഇതു സംബന്ധിച്ച അപേക്ഷ നല്‍കണം. വാക്സിനേഷന്‍, മൈക്രോ ചിപ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും എയര്‍ ടിക്കറ്റ്, എയര്‍വേ ബില്‍ പാസ്പോര്‍ട്ട് കോപ്പി എന്നിവയും ഇതോടൊപ്പം നല്‍കണം.