ഐടിഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി; ശനിയാഴ്ച അവധി ദിവസമാക്കി
സംസ്ഥാനത്തെ ഐടിഐകളില്‍ 2 ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഐഐടികളില്‍ ശനിയാഴ്ച അവധിദിവസമാക്കി. ഐടിഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഐടിഐ. ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍ നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 :30 വരെയുമായിരിക്കും.