നടിയെ ആക്രമിച്ച കേസിലെ സാക്ഷി സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രധാന സാക്ഷി സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക- ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013ല്‍ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസില്‍ വഴിത്തിരിവായത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം കോടതിയില്‍ നടക്കുകയാണ്.
കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാര്‍. തുടര്‍ച്ചയായുള്ള ഹൃദയാഘാതവും ബാലചന്ദ്രകുമാറിനെ പിന്തുടര്‍ന്നിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു. നവംബര്‍ 11 നാണ് ചെങ്ങന്നൂരിലെ കെഎം ചെറിയാന്‍ ഹോസ്പിറ്റലില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയതാണ്. രണ്ട് ദിവസം മുന്‍പ് ബൈപ്പാസ് സര്‍ജറി ചെയ്തു. പിന്നീട് അണുബാധ ഉണ്ടായി.