ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധിയില്ല'; പൊലീസ് ക്യാമ്പില്‍ ജീവനൊടുക്കിയ വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നു
അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ആത്മഹത്യ ചെയ്ത കമാന്‍ഡോ ഹവില്‍ദാര്‍ വിനീതിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പുലര്‍ത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിനാണ് മെസേജ് അയച്ചിരുന്നത്.
വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ ഹവില്‍ദാര്‍ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും, ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമെന്നാണ് നിഗമനം.
ഭാര്യ മൂന്ന് മാസം ഗര്‍ഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
വിനീതിന്റെ മരണത്തില്‍ ടി സിദ്ദിഖ് എംഎല്‍എയും പ്രതികരണവുമായി രംഗത്തെത്തി. കൊടും പീഡനത്തിന്റെ ഇരയാണ് വിനീത് എന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും വിനീതിന് അവധി അനുവദിച്ചിരുന്നില്ല.
റിഫ്രഷ്മെന്റ് കോഴ്സുകളില്‍ പരാജയപ്പെടുന്ന പോലീസുകാര്‍ നേരിടുന്നത് കൊടും പീഡനമെന്നും വലിയ സമ്മര്‍ദ്ദത്തിലാണ് കേരളത്തിലെ പോലീസ് സേന പ്രവര്‍ത്തിക്കുന്നത് എന്നും എംഎല്‍എ പറഞ്ഞു. നേരത്തെ, ഒരു കമാന്‍ഡോ ജോലി സമ്മര്‍ദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.