ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. ആരാധകരെ ഞെട്ടിച്ച ഈ തീരുമാനം അഡ്‌ലൈഡ് ടെസ്റ്റിന് ശേഷം അശ്വിന്‍ പ്രഖ്യാപിക്കുക ആയിരുന്നു. ഗാബ ടെസ്റ്റിന്റെ ഭാഗം ആകാതിരുന്ന അശ്വിന്‍ ബോര്‍ഡര്‍- ഗവാസ്‌ക്കര്‍ പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു.
38 കാരനായ സ്പിന്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണ്. 2011 നവംബര്‍ 6 ന് ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്കായി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം, അശ്വിന്‍ 106 ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുകയും 537 വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ അനില്‍ കുംബ്ലെ (619) മാത്രമാണ് അശ്വിനെക്കാള്‍ കൂടുതല്‍ വിക്കറ്റ് നേടിയത്.
ഇന്ത്യക്കായി 41 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC) മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 195 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സൂപ്പര്‍ പ്രകടനത്തിന് പുറമെ, ഇന്ത്യക്കായി 116 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അശ്വിന്‍ യഥാക്രമം 156, 72 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.