ലൈംഗികാതിക്രമ കേസില്‍ മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശൂര്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്. ഇതിനൊപ്പം ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ പരാതിയില്‍ പൊന്‍കുന്നത്തും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും രജിസ്റ്റര്‍ ചെയ്‌ത കേസിലും പൊലീസ് കുറ്റപത്രം നല്‍കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) ഇതുവരെ ഏഴ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുകേഷിനെ കൂടാതെ മണിയന്‍പിള്ള രാജു, അഡ്വചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്കെതിരെയാണ് ആലുവ സ്വദേശിനി പീഡന പരാതി നല്‍കിയത്. 13 വര്‍ഷം മുമ്പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടെ മുകേഷ് മോശമായി പെരുമാറിയെന്നാണ് മറ്റൊരു യുവതി നല്‍കിയ പരാതി.