ബ്രിട്ടീഷ് യുദ്ധ വിമാനം ചൊവ്വാഴ്ച മടങ്ങും, വാടകയിനത്തില്‍ നേട്ടം കൊയ്ത് എയര്‍ ഇന്ത്യയും അദാനിയും
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ (ചൊവ്വാഴ്ച) തിരികെ പോകും. തകരാര്‍ പരിഹരിച്ചതോടെയാണ് 38 ദിവസങ്ങള്‍ക്കു ശേഷം വിമാനം മടങ്ങുന്നത്. യുദ്ധ വിമാനം മടങ്ങുമ്പോള്‍, നേട്ടം ഉണ്ടായത് വിമാനത്താവള നടത്തിപ്പ് ചുമതലയിലുള്ള അദാനി കമ്പനിയ്ക്കും എയര്‍ ഇന്ത്യയ്ക്കുമാണ്.
മൈന്റ്നന്‍സ് ഹാങ്ങര്‍ വാടകയിനത്തില്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് ഏകദേശം 75 ലക്ഷം രൂപയാണ്. തിരുവനന്തപുരത്ത് ഇറക്കിയ ജൂണ്‍ 14 മുതല്‍ വിമാനത്താവളം ഉപയോഗിച്ചത്തിനുള്ള വാടക വിമാനത്തവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് ബ്രിട്ടീഷ് സേന നല്‍കണം. ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകളാണ് വിമാനത്താവള കമ്പനി ഈടാക്കുന്നത്. ഇത് വഴി ബ്രിട്ടീഷ് വ്യോമസേന നല്‍കേണ്ടത് ഏകദേശം 8 ലക്ഷം രൂപയാണ്.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തിറക്കും. എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ എത്തിയ സാങ്കേതിക വിദഗ്ധരും ഇന്ന് വൈകിട്ടോടെ ബ്രിട്ടനിലേക്ക് മടങ്ങും. ബ്രിട്ടീഷ് സേനയുടെ വിമാനം തന്നെ സംഘത്തെ തിരികെ കൊണ്ട് പോകാനായെത്തും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 14ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലയറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് ചാക്കയിലെ ഹാങ്ങറില്‍ നിന്ന് പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.
വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എന്‍ജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാന്‍ഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
യുകെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയിസ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 വിമാനം പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിലേക്ക് ലാന്‍ഡ് ചെയ്യാന്‍ കഴഞ്ഞിരുന്നില്ല. തുടര്‍ന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. ലാന്‍ഡ് ചെയ്തതിന് ശേഷമാണ് സാങ്കേതിക തകരാറുണ്ടാകുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റത്തില്‍ സംഭവിച്ച തകരാര്‍ പിന്നീട് സ്റ്റാര്‍ട്ടിംഗ് സിസ്റ്റത്തിലേക്ക് വ്യാപിക്കുകയായിരുന്നു.