പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിച്ചു
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ഉള്‍പ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷ സേന. ശ്രീനഗറിലെ ഹര്‍വാനിലെ ഡാച്ചിഗാം ദേശീയ ഉദ്യാനത്തിനടുത്തുള്ള ലിഡ്വാസ് പ്രദേശത്ത് ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
മുള്‍നാര്‍ മേഖലയില്‍ തീവ്രവാദ നീക്കം നടക്കുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സും (സിആര്‍പിഎഫ്) ചേര്‍ന്നാണ് ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയത്.
മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മരിച്ച മൂന്നുപേരും പാകിസ്ഥാനികളാണ്. ലഷ്‌കര്‍-ഇ-തൊയ്ബ(എല്‍ഇടി)യില്‍ പെട്ടവരാണെന്നും ശ്രീനഗര്‍ എസ്എസ്പി ജിവി സുന്ദീപ് ചക്രവര്‍ത്തി പറഞ്ഞു.