കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവര്‍ത്തനവും നടന്നു എന്ന ആരോപണം ഏറ്റെടുത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികള്‍ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും വിഷ്ണു ദേവ് സായ് പ്രതികരിച്ചു.
അതിനിടെ, ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ സംഭവ സമയത്തെ പ്രതികരണം നിര്‍ണ്ണായകമാവുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ പോയതെന്നും ആരുടേയും നിര്‍ബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകയോട് ഒരു പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ ക്രൈസ്തവ വിശ്വസികളാണ് എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.എന്നാല്‍ ഈ മൊഴി പെണ്‍കുട്ടി മാറ്റുമോ എന്നാണു അറിയാനുള്ളത്.
കന്യാസ്ത്രീകള്‍ക്കെതിരായ കേസില്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെണ്‍കുട്ടി നടത്തിയ പ്രതികരണം. അതേസമയം പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എന്‍കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ തുടങ്ങിയവര്‍ ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തും. എംപിമാരുടെ സംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു.