ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ഒന്‍പതു ദിവസത്തിനുശേഷം പുറത്തേയ്ക്ക്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലിലായിരുന്നു.
കന്യാസ്ത്രീകളുടെ കസ്റ്റഡി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടില്ല. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് എന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ നേരത്തെ ജാമ്യഹര്‍ജി എതിര്‍ത്തത്. ഇന്നും ജാമ്യം ലഭിക്കാത്ത പക്ഷം, വീണ്ടും രണ്ടുദിവസം കൂടി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയേണ്ടിവന്നേനെ.
കാരണം ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ കന്യാസ്ത്രീകള്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാനാവൂ. അങ്ങനെയാണെങ്കില്‍ക്കൂടി, കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ്, സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. ഇതിനുശേഷം മാത്രമേ ജാമ്യം പരിഗണിക്കുകയുള്ളൂ.
പ്രോസിക്യൂഷന്റെ എതിര്‍പ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, സ്വാഭാവികമായ നടപടിക്രമമാണ് കോടതിയില്‍ നടന്നത് എന്നാണ്, ഈ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മലയാളിയായ അഭിഭാഷകന്‍ ഗോപകുമാര്‍ പ്രതികരിച്ചത്.