യുകെയില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ്ങ് പ്രിയപ്പെട്ടതായി മാറിയതോടെ പരമ്പരാഗത ബാങ്കിങ് രീതികള്‍ മാറുകയാണ്. ഓണ്‍ലൈന്‍ ബാങ്കുകളിലേക്കും ബില്‍ഡിംഗ് സൊസൈറ്റികളിലേക്കും ഉപഭോക്താക്കള്‍ മാറി.
ബില്‍ഡിങ് സൊസൈറ്റികള്‍, സെപ്ഷ്യല്‍ വായ്പാ ദാതാക്കള്‍ എന്നിങ്ങനെ പുതിയ സേവനങ്ങള്‍ സേവിംങ്‌സ് പലിശയില്‍ മികവു പുലര്‍ത്തുന്നത് പരമ്പരാഗത ബാങ്കുകള്‍ക്ക് വെല്ലുവിളിയാണ്. ഡെപ്പോസിറ്റുകളുടെ കാര്യത്തിലും ജനം മാറി ചിന്തിച്ചു തുടങ്ങി.
2019 ല്‍, മൊത്തം ഡെപ്പോസിറ്റുകളുടെ 84 ശതമാനം പരമ്പരാഗത ബാങ്കുകളിലായിരുന്നെങ്കില്‍, 2024ല്‍ അത് 80 ശതമാനമായി കുറഞ്ഞു. കോവിഡിന് ശേഷം വലിയ പ്രതിസന്ധിയിലാണ് ബാങ്കിങ് മേഖല. മേഖലയിലെ നിക്ഷേപം നല്‍കുന്ന വരുമാനം 2023ല്‍ 13 ശതമാനമായിരുന്നത് 2027 ആകുമ്പോഴേക്കും എട്ടു ശതമാനമായി കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്.
വിപണിയിലെ മത്സരം കനക്കുകയും, പ്രവര്‍ത്തന ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ ബാങ്കുകള്‍ ഒരു വന്‍ മാറ്റത്തിന് ഒരുങ്ങുകയാണെന്ന് കെപിഎംജി മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന നിരക്കില്‍ വായ്പ നല്‍കിയും സേവിംഗ്സ് പലിശ കുറച്ചും ബാങ്കുകള്‍ വന്‍ ലാഭമുണ്ടാക്കുന്നു എന്ന പരാതി ഉയരുന്നതിനിടയില്‍ ഈ മേഖലയില്‍ നിന്നും നിരവധി നിക്ഷേപകര്‍ വിട്ടുപോകുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്.