ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഈ വേനല്‍ക്കാലത്തെ ബ്രിട്ടനിലെ നാലാമത്തെ ഉഷ്ണതരംഗം തുടങ്ങി. സഹിക്കാവുന്നതിനും അപ്പുറമാണ്. ഇന്നു മുതല്‍ വ്യാഴം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ചുട്ടുപൊള്ളിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സൗത്ത് മിഡ്ലാന്‍ഡ്സില്‍ 34 ഡിഗ്രിക്ക് മുകളില്‍ താപനില എത്തുമെന്നാണ് പ്രവചനം. 30 ഡിഗ്രിക്ക് മുകളിലാകും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വരുന്ന മൂന്നു ദിവസങ്ങളിലെ ശരാശരി താപനില.
കഴിഞ്ഞയാഴ്ച ഫ്‌ലോറിസ് കൊടുങ്കാറ്റും കനത്ത മഴയും നാശം വിതച്ച പ്രദേശങ്ങളില്‍ ഈയാഴ്ച കനത്ത ചൂടും ഉഷ്ണതരംഗവും. ഇതാണ് ഇംഗ്ലണ്ടിലെ കാലാവസ്ഥയുടെ അസ്ഥിരത. പകല്‍ കനത്ത ചൂടിനെ ശമിപ്പിക്കാന്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും രാത്രിയില്‍ ഇടിയും മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ച്ചയായി മൂന്നു ദിവസത്തേക്ക് താപനില 25 മുതല്‍ 28 ഡിഗ്രി വരെ രേഖപ്പെടുത്തുമ്പോഴാണ് ഇതിനെ ബ്രിട്ടനില്‍ ഉഷ്ണതരംഗമായി കണക്കാക്കുന്നത്. വരുന്ന മൂന്നു ദിവസത്തെ കനത്ത ചൂടിനുശേഷം ഓഗസ്റ്റ് മുഴുവന്‍ വീണ്ടും താപനില ഇരുപതിന് അടുത്ത് നില്‍ക്കുമെന്നാണ് മെറ്റ് ഓഫിസ് പറയുന്നത്.
ഇതിനിടെ യൂറോപ്പിലാകെ വ്യാപിച്ചിരിക്കുന്ന കൊടും ചൂടില്‍ പല രാജ്യങ്ങളും വെന്തുരുകുകയാണ്. പലയിടത്തും കൊടും ചൂടിനൊപ്പം കാട്ടുതീയും വലിയ ഭീഷണി ഉയര്‍ത്തുന്നു. ഗ്രീസില്‍ ഒരാള്‍ കാട്ടുതീയില്‍ മരിച്ചു. ഗ്രീസ്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലായി 16,000 ഏക്കര്‍ സ്ഥലം കാട്ടുതീയില്‍ നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ വെസൂവിയസ് പര്‍വതനിരകളിലെ ഹൈക്കിങ് റൂട്ടുകളെല്ലാം കാട്ടുതീയുടെ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. തെക്കന്‍ ഇറ്റലിയിലെ ദേശീയോദ്യാനത്തില്‍ പടര്‍ന്ന തീ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. ഫ്രാന്‍സിന്റെ തെക്കന്‍ മേഖലയിലെ പല പ്രദേശങ്ങളും കാട്ടുതീയുടെ ഭീതിയിലാണ്.