പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നാലു ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കേയാണ് തീരുമാനം. വിലക്കയറ്റം ഇപ്പോള്‍ 3.8 ശതമാനമായിരിക്കേ ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിലെത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സൂചന. വിലകള്‍ കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ നിരക്ക് കുറയ്ക്കാന്‍ കാത്തിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു.
പലിശ നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ അവലോകന സമിതിയിലെ 9 അംഗങ്ങളില്‍ അഞ്ചു പേര്‍ അനുകൂലിക്കുകയും നാലു പേര്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് പുറത്തിറക്കിയ കണക്കു പ്രകാരം വിലക്കയറ്റം മൂലം പലരും ചെലവു കുറഞ്ഞ വിപണികളിലേക്ക് തിരിയുകയാണെന്ന സൂചനകളുണ്ട്. ഭക്ഷ്യവില വര്‍ധന തുടര്‍ന്നതിനാല്‍ ഉപഭോക്താക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.
നിക്ഷേപരംഗത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതിനിടെ തൊഴിലില്ലായ്മ നിരക്കും അഞ്ചു ശതമാനത്തിലെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം രാജ്യത്തെ സാമ്പത്തികാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. കടമെടുപ്പ് ചെലവുകള്‍ ഇപ്പോഴും മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുകയാണ് കേന്ദ്ര ബാങ്ക്.
പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ തുടരുമോയെന്നും, റീവ്‌സിന്റെ ബജറ്റ് ഏത് വിധത്തിലാണ് പ്രത്യാഘാതം സൃഷ്ടിക്കുകയെന്നും കാത്തിരുന്ന് കാണാനാണ് തീരുമാനമെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.
'പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയാണ്. നിരക്കുകള്‍ ഘട്ടംഘട്ടമായി താഴേക്ക് പോകുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പോകുമെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് കുറയ്ക്കുന്നതിലേക്ക് പോകുക', ബെയ്‌ലി പറഞ്ഞു.
കടമെടുപ്പ് ചെലവുകള്‍ 2024 ജൂലൈ മുതല്‍ അഞ്ച് തവണ കുറച്ചിരുന്നു. അതേസമയം പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തുടരുകയാണ്. ബജറ്റില്‍ ചാന്‍സലര്‍ നികുതികള്‍ ഉയര്‍ത്തുമ്പോള്‍ സമ്പദ് വ്യവസ്ഥ മെല്ലെപ്പോക്കിലേക്ക് നീങ്ങും.