കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില പവന് 97,000 കടന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 97,680 രൂപയാണ്. ഇന്ന് രാവിലെ പവന് 1400 രൂപ വര്‍ദ്ധിച്ച് സ്വര്‍ണവില 97,000 രൂപ കടന്നിരുന്നു. ഉച്ചയോടെ വീണ്ടും 400 രൂപ ഉയര്‍ന്ന് വില സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം. 2025 ഒക്ടോബര്‍ 17 ന്റെ റെക്കോര്‍ഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഒക്ടോബര്‍ 17ന് പവന് 97360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 12210 രൂപയും പവന് 97680 രൂപയുമാണ് വില.
അന്താരാഷ്ട്ര സ്വര്‍ണവില 4294 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 90. 35 ആണ്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.