പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി . മാര്‍ച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. 2025 നവംബര്‍ വരെയുള്ള വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. ഒരു മാസം മുന്‍പ് 3.6 ശതമാനത്തില്‍ നിന്ന ശേഷമാണ് ഈ താഴ്ച.
ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെ വില കൂടുകയും, കുറയുകയും ചെയ്യുന്നതിന് അനുസരിച്ചാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. ഇത് ഓരോ വ്യക്തികളുടെയും ചെലവാക്കല്‍ ശേഷിയെയും, പണം ഏത് വിധത്തില്‍ ഉപയോഗിക്കാമെന്നതിനെയും സ്വാധീനിക്കും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെയിലെ വിലക്കയറ്റം തുടരുകയാണെങ്കിലും മുന്‍പത്തേക്കാള്‍ ഇതിന് വേഗത കുറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.
ഭക്ഷ്യവില കുറഞ്ഞതാണ് പ്രധാനമായും പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചത്. ഇക്കണോമിസ്റ്റുകള്‍ പണപ്പെരുപ്പം കുറയുമെന്ന് പ്രവചിച്ചിരുന്നെങ്കിലും 3.5 ശതമാനം വരെ നിരക്ക് കുറയാമെന്നായിരുന്നു കരുതിയിരുന്നത്. പ്രതീക്ഷിച്ചതിലും താഴേക്ക് നിരക്ക് കുറഞ്ഞതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്.
ബേസ് റേറ്റ് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് കുറയുമെന്ന് അനലിസ്റ്റുകള്‍ കരുതുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന തൊഴിലില്ലായ്മ നിരക്കും ഇതിന് അനുകൂലമാണ്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നുവെന്ന ഔദ്യോഗിക കണക്കുകള്‍ രാജ്യത്തെ തൊഴില്‍ അന്വേഷകര്‍ക്ക് തിരിച്ചടിയാണെങ്കിലും ലോണുകള്‍ എടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയാണ്.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ ബേസ് റേറ്റ് കുറയ്ക്കാന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം 2 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര ബാങ്കിന്റെ ശ്രമം. സമ്മറില്‍ ഉടനീളം ഉയര്‍ന്നുനിന്ന പണപ്പെരുപ്പം ഒക്ടോബറിലാണ് അഞ്ച് മാസത്തിന് ശേഷം ആദ്യമായി താഴ്ന്നത്. നവംബറിലെ റീവ്‌സിന്റെ ബജറ്റ് സമ്മാനിച്ച ആഘാതവും പണപ്പെരുപ്പം താഴാന്‍ ഇടയാക്കി.