ലോകത്തിനു പ്രതീക്ഷയേകിയ വാര്ത്തയായിരുന്നു കാന്സറിനുള്ള പുതിയ മരുന്ന് സംയുക്തം പരീക്ഷിച്ച് രോഗ മുക്തി നേടിയെന്നത്. അതിലൊരാള് യുകെ മലയാളി നഴ്സ് ആണ് . കോട്ടയം സ്വദേശിനി ജാസ്മിന് ഡേവിഡ്. ജാസ്മിനൊപ്പം വിവിധ രാജ്യങ്ങളില് നിന്ന് 30 പേരാണ് മരുന്ന് പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നത്. അതില് പകുതിയോളം പേര് ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷിക്കുന്നവരില് എട്ടോളം പേര് പാര്ശ്വഫലങ്ങള് കാരണം ഇടയ്ക്ക് വെച്ച് നിര്ത്തി. മൂന്ന് പേര്ക്ക് 80 ശതമാനത്തോളം രോഗം ഭേദമായി. രണ്ട് പേര്ക്ക് പൂര്ണമായും അസുഖം ഭേദമായി. ബ്രെസ്റ്റ് കാന്സര്, ലങ് കാന്സര്, പ്രോസ്റ്റേറ്റ് കാന്സര് എന്നിവ ബാധിച്ചവരെയാണ് മരുന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.
മരുന്ന് പരീക്ഷണത്തിന് സമ്മതമറിയിച്ചപ്പോള് രണ്ട് വര്ഷത്തേക്കുള്ള ഒരു കരാറാണ് മരുന്നു കമ്പനിയുമായും ആശുപത്രിയുമായി ഉണ്ടാക്കിയത്. എപ്പോള് വേണമെങ്കിലും പരീക്ഷണം മതിയാക്കി തിരിച്ചു പോരാന് കഴിയുന്ന, സമ്പൂര്ണ സ്വാതന്ത്ര്യമുള്ള കരാര് ആയിരുന്നു അത്. യു.കെ. സര്ക്കാര് നേരിട്ടാണ് മരുന്ന് പരീക്ഷണം നടത്തിയത്. അതുവരെ മൃഗങ്ങളില് മാത്രമാണ് ഈ മരുന്ന് പരീക്ഷിച്ചിരുന്നത്. ആദ്യമായി ഈ മരുന്ന് പരീക്ഷിക്കാന് തിരഞ്ഞെടുത്ത മനുഷ്യന് ജാസ്മിന് ആയിരുന്നു. മാഞ്ചസ്റ്ററിലെ ദ ക്രിസ്റ്റി എന്.എച്ച്.എസ്. ഫൗണ്ടേഷന് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മരുന്ന് പരീക്ഷണം നടത്തിയത്.
2017 നവംബറിലാണ് ജാസ്മിന് ഗുരുതരമായ ട്രിപ്പിള് നെഗറ്റീവ് ബ്രെസ്റ്റ് കാന്സര് (ടി.എന്.ബി.സി.) കണ്ടെത്തിയത്. തുടര്ന്ന് ആറ് മാസം നീളുന്ന കീമോ തെറാപ്പി, സര്ജറി, റേഡിയേഷന് തുടങ്ങിയ ചികിത്സാ രീതികളിലൂടെയെല്ലാം ജാസ്മിന് കടന്നുപോയി. പിന്നീട് 2019 വരെ യാതൊരുവിധ കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. എന്നാല്, വീണ്ടും ശരീരം കാന്സറിന്റെ ലക്ഷണങ്ങള് കാണിച്ചു തുടങ്ങി. ഇത്തവണ ശ്വാസകോശം, ലിംഫ് ഗ്രന്ഥികള്, ചെസ്റ്റ് ബോണ് എന്നിവിടങ്ങളിലേക്കെല്ലാം രോഗം വ്യാപിച്ചിരുന്നു.
10 മാസം മാത്രമാണ് ജാസ്മിന് വൈദ്യലോകം ആയുസ് വിധിച്ചത്. 'രോഗം കണ്ടെത്തിയ ആദ്യ കാലങ്ങളില് വളരെ ആത്മവിശ്വാസമുള്ള ഡോക്ടര്മാരെയാണ് ഞാന് കണ്ടത്. എന്നാല് ഇത്തവണ അങ്ങനെയായിരുന്നില്ല. ആത്മവിശ്വാസം പൂര്ണമായും ഇല്ലാതായ മെഡിക്കല് സംഘത്തെയാണ് ഞാന് അഭിമുഖീകരിച്ചത് പിന്നെ രണ്ട് വഴിയാണ് എനിക്ക് മുമ്പില് ഉണ്ടായിരുന്നത്. ഒന്ന് പരമ്പരാഗത രീതിയിലുള്ള ചികിത്സാ രീതികള് തുടരുക. രണ്ട് പുതിയതായ എന്തെങ്കിലും മരുന്ന് പരീക്ഷണത്തിന് നിന്ന് കൊടുക്കുക എന്നതായിരുന്നു അത്. ഞാന് രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്-ജാസ്മിന് പറഞ്ഞു.
'മരിച്ചുപോയാലും വരുംതലമുറയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമെന്നാണ് കരുതിയത്' തന്റെ ഉദ്യമത്തെക്കുറിച്ചു ജാസ്മിന് പറയുന്നു
പരീക്ഷണം തുടങ്ങുന്നതിന് മുമ്പ് രക്തപരിശോധന ഉള്പ്പടെ ഒട്ടേറെ പരിശോധനകള് ഉണ്ടായിരുന്നു. പരീക്ഷണത്തിന് ശരീരം സജ്ജമാണോ എന്നറിയുകയായിരുന്നു ആദ്യം. ആദ്യത്തെ ഡോസ് മരുന്ന് നല്കിയപ്പോള് പാര്ശ്വഫലങ്ങള് ജാസ്മിന്റെ ശരീരം കാണിച്ചു. ഏകദേശം ഒന്നരമാസത്തോളം ആശുപത്രിയില് കിടന്നു. മൂന്ന് ഡോസ് എടുക്കുന്നത് വരെ ശരീരം ഇത്തരത്തില് പ്രതികരിക്കുന്നത് തുടര്ന്നു. കടുത്ത പനി, അപസ്മാരം, തലവേദന തുടങ്ങിയവയായിരുന്നു . ബുദ്ധിമുട്ടുകള് കടുക്കുമ്പോള് മരുന്ന് നിര്ത്തി വയ്ക്കും. വീണ്ടും തുടങ്ങും. ഇങ്ങനെ മൂന്ന് ഡോസ് വരെ മരുന്നുകള് നിര്ത്തിവച്ചും തുടര്ന്നും പോയി. ശേഷം പനിക്കും അപസ്മാരത്തിനുമൊക്കെ എതിരായുള്ള മരുന്ന് ആദ്യം കൊടുത്തു. പിന്നാലെ പുതിയ മരുന്ന് നല്കി. ഇങ്ങനെ ചെയ്തപ്പോള് മരുന്നിനോട് ജാസ്മിന്റെ ശരീരം പ്രതികരിച്ചു തുടങ്ങി. നാലാമത്തെ ഡോസ് മരുന്ന് തന്നതിന് ശേഷം സ്കാന്‍ ചെയ്തപ്പോള് കാന്സര് 80 ശതമാനവും ശരീരത്തില് നിന്ന് അപ്രത്യക്ഷമായി. പിന്നീട് മൂന്ന് ഡോസ് മരുന്നുകൂടി എടുത്തതോടെ രോഗം ജാസ്മിന്റെ ശരീരത്തില് നിന്ന് പൂര്ണമായും തുടച്ചുനീക്കപ്പെട്ടു.
കീമോതെറാപ്പിയോ റേഡിയേഷനോ ചെയ്യുമ്പോഴുള്ള ക്ഷീണമോ ബുദ്ധിമുട്ടുകളോ ഒന്നുമുണ്ടായിരുന്നില്ല ജാസ്മിന്. രക്തപരിശോധനയ്ക്ക് ശേഷമാണ് മരുന്ന് നല്കുക. ആശുപത്രിയില് ഒരു ദിവസം കിടക്കണം. മരുന്ന് സ്വീകരിച്ചശേഷം സാധാരണപോലെ വീട്ടിലേക്ക് മടങ്ങാം. മറ്റ് ശാരീരികമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.
ഇതൊരു ടീം വര്ക്ക് ആയിരുന്നു. കുടുംബാംഗങ്ങളും മെഡിക്കല് സംഘവും സുഹൃത്തുക്കളും ചുറ്റും നിന്നാണ് എനിക്ക് ശക്തി നല്കിയത്. ഭര്ത്താവും മക്കളും എന്റെ ഒപ്പം നിന്നു- ജാസ്മിന് പറഞ്ഞു.
രണ്ടുവര്ഷം പൂര്ണമായും മരുന്ന് പരീക്ഷണത്തിന് തയാറായതിനാല് ജാസ്മിന് വീണ്ടും രണ്ട് വല്ഷത്തേക്ക് കൂടി കമ്പനി മരുന്ന് നല്കാന് തീരുമാനിച്ചു. അതിനാല് 2023 വരെ ചികിത്സ തുടരും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുകയാണ് തുടര്ചികിത്സയിലൂടെ ചെയ്യുന്നത്. ഒരു ഡോസ് മരുന്നിന് ഏകദേശം എട്ട് മുതല് 10 ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്. ഇത് സര്ക്കാര് ആണ് വഹിക്കുന്നത്.
ഇതൊരു അത്ഭുതമാണ്. ശാസ്ത്രത്തിനും മെഡിക്കല് സംവിധാനങ്ങള്ക്കുമൊപ്പം ദൈവത്തിന്റെ കൈകള് കൂടി ചേര്ന്നപ്പോള് വിജയം കാണുകയായിരുന്നു. പത്ത് മാസം മാത്രം ഡോക്ടര്മാര് ആയുസ് പറഞ്ഞപ്പോള് അമ്മയെയും ബന്ധുക്കളെയും കണ്ട് അവസാനയാത്ര പറയാന് ഞാന് എത്തിയിരുന്നു. ആ സമയത്ത് എന്റെ അമ്മ കാണിച്ചത് അസാമാന്യമായ ധൈര്യമായിരുന്നു. കൂടെ വരാന് കഴിയില്ലെങ്കിലും പ്രാര്ഥനയായി എന്നും കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ് അമ്മ എന്നെ ചേര്ത്തുപിടിച്ചു-ജാസ്മിന് പറഞ്ഞു.
കോട്ടയം പാമ്പാടി അഞ്ചാനിക്കല് അന്നമ്മ ജോസിന്റെ ഒന്പത് മക്കളില് ഇളയവളാണ് ജാസ്മിന്. 2002-ലാണ് ജാസ്മിനും കുടുംബവും യു.കെ.യില് എത്തുന്നത്. അവിടെ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു ജാസ്മിന്. കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വന്ഷമായി ജാസ്മിന് ജോലിയില് നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു. 2022 ജൂലൈ ഒന്ന് മുതല് ജോലിയില് തിരികെ പ്രവേശിക്കാന് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. ഇനി കുറെയേറെ യാത്ര ചെയ്യണം. എന്റേതായ കുറെ ആഗ്രഹങ്ങളുണ്ട്. അവയെല്ലാം നിറവേറ്റണം-ജാസ്മിന് പറയുന്നു.
തൃശൂര് പുതുക്കാട് സ്വദേശിയായ ഭര്ത്താവ് ഡേവിഡ് യു.കെ.യില് ഡികണ്ടാമിനേഷന് ടെക്നീഷ്യനായി ജോലി നോക്കുന്നു. മക്കന് റിയാനും റിയോണയും യൂണിവേഴ്സിറ്റി വിദ്യാര്ഥികളും.
(കടപ്പാട്- മാതൃഭൂമി)