കാന്‍സര്‍ എന്ന മഹാമാരിയെ ആരംഭത്തിലെ കണ്ടെത്തിയാല്‍ അതിനെ തടയാവുന്നതാണ്. എന്നാല്‍ അതിനു സാധിക്കാറില്ലെന്നു മാത്രം. ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമായതിന് ശേഷമാണ് അവയെ ആക്കുറിച്ചു ആളുകള്‍ ബോധവാന്മാരാകുന്നത്. എന്നാല്‍ കാന്‍സറിന് എതിരായ പോരാട്ടത്തില്‍ സുപ്രധാന ആയുധമായി മാറിയേക്കാവുന്ന രക്തപരിശോധനാ ട്രയല്‍സ് എന്‍എച്ച്എസില്‍ പുരോഗമിക്കുകയാണ്. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് ബ്ലഡ് ടെസ്റ്റ് നടത്തുന്നത്. യുകെയില്‍ നടക്കുന്ന പത്തിലൊന്ന് കാന്‍സര്‍ മരണങ്ങളും തടയാന്‍ ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ട്രയല്‍സില്‍ പങ്കെടുക്കുന്ന 140,000 വോളണ്ടിയര്‍മാരില്‍ നിന്നും രോഗസാധ്യത കാണിക്കുന്നവരെ ഇപ്പോള്‍ തന്നെ റഫര്‍ ചെയ്യുന്നുണ്ട്
ലോകത്തില്‍ ആദ്യമായാണ് ഹെല്‍ത്ത് സര്‍വീസ് ഇത്തരമൊരു ടെസ്റ്റ് നടപ്പാക്കുന്നത്. ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് 50-ലേറെ തരം കാന്‍സറുകള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ടെസ്റ്റ്. ഇതുവരെ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പദ്ധതിക്ക് ഏറെ ഗുണങ്ങളുണ്ടെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകര്‍.
ഹോളി ഗ്രെയില്‍ ടെസ്റ്റ് ഉപയോഗിച്ച് പത്ത് ശതമാനം കാന്‍സര്‍ മരണങ്ങളും തടയാമെന്നാണ് ഇവരുടെ വിശ്വാസം. യുകെയില്‍ ഓരോ വര്‍ഷവും ഏകദേശം 167,000 പേര്‍ മരണത്തിന് കീഴടങ്ങുന്നുണ്ട്, അതായത് ദിവസേന 460 മരണങ്ങള്‍. ട്രയല്‍സ് വിജയകരമായി കണ്ടെത്തിയാല്‍ ഏകദേശം 16,000 ജീവനുകള്‍ വര്‍ഷത്തില്‍ രക്ഷിച്ചെടുക്കാം.
ട്രയല്‍സില്‍ പങ്കെടുക്കുന്ന 140,000 വോളണ്ടിയര്‍മാരില്‍ നിന്നും രോഗസാധ്യത കാണിക്കുന്നവരെ ഇപ്പോള്‍ തന്നെ സ്‌കാനിംഗിനും, കൊളോണോസ്‌കോപ്പിക്കോ റഫര്‍ ചെയ്യുന്നുണ്ട്. ഇതില്‍ പകുതി പേര്‍ക്കെങ്കിലും കാന്‍സര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ട്രയല്‍സ് വിജയകരമായാല്‍ 2024-ഓടെ ടെസ്റ്റ് ഒരു മില്ല്യണിലധികം പേര്‍ക്കായി നടപ്പാക്കും.
യുകെയില്‍ ടെസ്റ്റ് ലഭ്യമാക്കിയാല്‍ 50 മുതല്‍ 79 വയസ് വരെയുള്ള 18 മില്ല്യണ്‍ മുതിര്‍ന്നവര്‍ക്കാകും ഇത് ഗുണം ചെയ്യുക. ഇതോടെ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത 130,000 പേരെയെങ്കിലും കാന്‍സര്‍ സ്‌ക്രീനിംഗിന് ഓരോ വര്‍ഷവും അയയ്ക്കും.