ബ്രിട്ടനില്‍ സമീപകാലത്തു ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കുതിയ്ക്കുകയാണ്. നിരവധി മലയാളികളും മരണത്തിനു കീഴടങ്ങി. രാജ്യത്തു ഓരോ ദിവസവും 33 പേര്‍ അധികമായി ഹൃദ്രോഗം ബാധിച്ച് മരിക്കുന്നു എന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ പറയുന്നത്.
ചികിത്സ വൈകുന്നത് മൂലം ഓരോ ദിവസവും 33 പേര്‍ വീതം ഹൃദ്രോഗം ബാധിച്ച് അനാവശ്യമായി മരിക്കുന്നു എന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പറയുന്നു.
ആംബുലന്‍സുകള്‍ക്കായുള്ള കാത്തിരിപ്പ് നീളുന്നതും, ജീവന്‍ രക്ഷിക്കുന്ന ആശുപത്രി ടെസ്റ്റുകളും, പ്രൊസീജ്യറുകളും വൈകുന്നതും ചേര്‍ന്നാണ് ആഴ്ചയില്‍ 230 പേരുടെ ജീവന്‍ അധികമായി പോകുന്നതെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഏകദേശം 30,000 പേരാണ് ഹൃദയപ്രശ്‌നങ്ങളുമായി അനാവശ്യമായി മരണമടഞ്ഞതെന്ന് ഈ ചാരിറ്റി കണക്കാക്കുന്നു. കോവിഡ് പടര്‍ന്നുപിടിച്ചത് മുതല്‍ നടക്കുന്ന അനാവശ്യ മരണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും, ചികിത്സ നല്‍കുന്നതിനുള്ള ബാക്ക്‌ലോഗില്‍ എന്‍എച്ച്എസിന് നിയന്ത്രണം തിരികെ ലഭിച്ചില്ലെങ്കില്‍ ഈ ട്രെന്‍ഡ് മുന്നോട്ട് പോകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു.
ഹൃദയങ്ങള്‍ തകര്‍ക്കുന്ന ഈ അവസ്ഥ തടയാന്‍ അടിയന്തര നടപടി വേണമെന്ന് ബിഎച്ച്എഫ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ചാര്‍മെയിന്‍ ഗ്രിഫിത്സ് പറഞ്ഞു. 'ഹൃദയ ചികിത്സ നല്‍കുന്നതില്‍ നേരിടുന്ന തടസ്സങ്ങള്‍ മൂലം 30,000 കുടുംബങ്ങള്‍ക്കാണ് പ്രിയപ്പെട്ടവരെ നഷ്ടമാക്കിയത്. ആയിരക്കണക്കിന് ഹൃദ്രോഗികള്‍ തങ്ങള്‍ക്ക് ചികിത്സ ലഭിക്കാതെ സ്ഥിതി മോശമാകുമെന്ന ഭയത്തില്‍ ജീവിക്കുന്നു. ഇത് ജോലിക്ക് പോകുന്നത് പോലും തടയുന്ന അവസ്ഥയുണ്ട്. പലരും ഹൃദയാഘാതവും, സ്‌ട്രോക്കും കാത്തിരിക്കുന്നുവെന്ന അവസ്ഥ മനസ്സിലാക്കാതെ പോകുന്നു', ഡോ. ചാര്‍മെയിന്‍ വ്യക്തമാക്കി.
കോവിഡിന് മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് മരണങ്ങള്‍ 17 ശതമാനം കൂടുതലാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു.