ലണ്ടന്‍: പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിയുമായി ഇംഗ്ലണ്ട്. ഇതിന്റെ ഭാഗമായി ഒരു ദശലക്ഷം പുകവലിക്കാര്‍ക്ക് സൗജന്യ വാപ്പിംഗ് സ്റ്റാര്‍ട്ടര്‍ കിറ്റ് സര്‍ക്കാര്‍ നല്‍കും . ഇതിനോടകം ആരംഭിച്ച ക്യാമ്പയിന്‍ ജനങ്ങള്‍ക്ക് ഇടയില്‍ വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പുകവലി നിര്‍ത്താന്‍ 400 പൗണ്ടാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. പുകവലിയുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കി കൊണ്ട് സിഗരറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ തന്നെ അവബോധം പകര്‍ന്നു നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.
2030ഓടെ ഇംഗ്ലണ്ടില്‍ പുകവലിക്കുന്നവരുടെ നിരക്ക് 5 ശതമാനത്തില്‍ താഴെയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രായപൂര്‍ത്തിയാകാത്ത പുകവലിക്ക് അടിമപ്പെട്ടവരെയും, അനധികൃതമായി വില്പന നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സ്വാപ്പ് ടു സ്റ്റോപ്പ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം പുകവലിക്ക് അടിമപ്പെട്ടു പോകുന്ന ആളുകളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി നീല്‍ ഒബ്രിയന്‍ പറഞ്ഞു. തുടര്‍ച്ചയായി പുക വലിക്കുന്ന ആളുകളില്‍ മൂന്നില്‍ രണ്ട് പേര്‍ മരണപ്പെടുമെന്നും, മനുഷ്യ ജീവനുകള്‍ നിഷ്പ്രയാസം കവര്‍ന്നെടുക്കുന്ന മരുന്നാണ് സിഗരറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടില്‍ ഗര്‍ഭകാലത്തും 9% സ്ത്രീകള്‍ പുകവലിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനെല്ലാം പരിഹാരം എന്നുള്ള നിലയിലാണ് നിലവില്‍ ഈ പദ്ധതിയെ സര്‍ക്കാര്‍ കാണുന്നത്. പ്രാഥമിക ഘട്ടം എന്നുള്ള നിലയില്‍ പ്രാദേശിക ഭരണകൂടങ്ങളെയും ചേര്‍ത്ത് നിര്‍ത്തി കൊണ്ട് മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഏകദേശം 45 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതിക്ക് ആരോഗ്യ വകുപ്പില്‍ നിന്നാണ് പണം അനുവദിക്കുന്നത്.