യുകെയില്‍ പ്രമേഹ രോഗം ബാധിച്ച് ജീവിക്കുന്ന ജനങ്ങളുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍. ആദ്യമായി രോഗം അഞ്ച് മില്ല്യണിലേക്ക് എത്തിയതായി ഹെല്‍ത്ത് ചാരിറ്റി ഡയബറ്റീസ് യുകെ. രാജ്യത്തെ പ്രമേഹ പ്രതിസന്ധി കുത്തനെ ഉയരുകയാണെന്നാണ് ഡയബറ്റീസ് യുകെയുടെ മുന്നറിയിപ്പ് നല്‍കുന്നത്. ആളുകള്‍ക്ക് ഈ അവസ്ഥ പിടിപെടുന്നത് തടയാന്‍ കൂടുതല്‍ നടപടി വേണമെന്നാണ് ആവശ്യം.
പുതിയ കേസുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കാനും, ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് പിന്തുണ നല്‍കുകയും വേണമെന്ന് ഡയബറ്റീസ് യുകെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. 4.3 മില്ല്യണ്‍ ജനങ്ങള്‍ക്ക് പ്രമേഹം ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 850,000 പേര്‍ ഇത് തങ്ങളെ ബാധിച്ചതായി അറിയാതെയാണ് കഴിയുന്നത്.
പ്രമേഹം ബാധിച്ച 90 ശതമാനം പേര്‍ക്കും ടൈപ്പ് 2 ഡയബറ്റീസാണ്. ഇത് അമിതഭാരവും, വ്യായാമക്കുറവും മൂലം നേരിടുന്നതാണ്. ഏഷ്യന്‍, ബ്ലാക്ക് ആഫ്രിക്കന്‍, ആഫ്രിക്കന്‍ കരീബിയന്‍ വംശജരാണ് അധികമായി അപകടം നേരിടുന്നത്. കൂടാതെ അമിത രക്തസമ്മര്‍ദം നേരിടുന്നവരും ഇതില്‍ പെടും. അതുകൊണ്ടുതന്നെ പ്രമേഹ ബാധിതരില്‍ മലയാളികളും വളരെ കൂടുതലാണ്.
40 വയസ്സില്‍ താഴെയുള്ളവരില്‍ ഈ അവസ്ഥ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് ഡയബറ്റീസ് യുകെ വ്യക്തമാക്കി. ചികിത്സ നേടാതിരുന്നാല്‍ കാഴ്ച നഷ്ടപ്പെടുന്നത് മുതല്‍ സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവ നേരിടുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു.
കോവിഡിന് പിന്നാലെ യുകെയിലെ ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ജീവിതശൈലീ രോഗങ്ങള്‍.