ആക്ഷേപ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ആര്‍ എസ് കാര്‍ത്തിക്കിന്റെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി ജി. കിഷന്‍. പ്രകടനാത്മകമായ ഖേദപ്രകടനങ്ങളും പൊളളയായ വാക്കുകളും അംഗീകാരിക്കാന്‍ കഴിയില്ലെന്ന് നടി വ്യക്തമാക്കി. ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യത്തില്‍ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് യൂട്യൂബര്‍ നടത്തിയ ഖേദപ്രകടനമാണ് നടി തളളിയത്.
'ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഖേദപ്രകടനം, ഖേദപ്രകടനമല്ല. പ്രത്യേകിച്ച്, 'ചോദ്യം തെറ്റിദ്ധരിച്ചതാണ് അത് തമാശയാണ്- ആരേയും ബോഡിഷെയിം ചെയ്തിട്ടില്ല', എന്നുപറഞ്ഞ് തള്ളിക്കളയുമ്പോള്‍. ഞാന്‍ ഒരുകാര്യം വ്യക്തമാക്കാം, പ്രകടനാത്മകമായ ഖേദപ്രകടനങ്ങളോ പൊള്ളയായ വാക്കുകളോ അംഗീകരിക്കില്ല', ഗൗരി ജി. കിഷന്‍ എക്‌സില്‍ കുറിച്ചു.
തന്റെ ചോദ്യം നടി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഖേദപ്രകടനം നടത്തിയ വീഡിയോയില്‍ കാര്‍ത്തിക് ന്യായീകരിച്ചത്. നടിയെ ബോഡിഷെയിം ചെയ്തിട്ടില്ല. അതൊരു തമാശചോദ്യമായിരുന്നു. നടിക്ക് മനോവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ വാക്കുകള്‍.
'അദേഴ്സ്' എന്ന തമിഴ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ശരീരികാധിക്ഷേപത്തിനെതിരേ മലയാളിയായ ഗൗരി കിഷന്‍ പ്രതികരിച്ചത്. തന്റെ ശരീരഭാരത്തെ പരാമര്‍ശിച്ച് ഒരു യൂട്യൂബര്‍ ചോദിച്ച ചോദ്യം തനിക്ക് വിഷമമുണ്ടാക്കിയതായി അവര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ആ ചോദ്യമെന്ന് പറഞ്ഞ് യൂട്യൂബര്‍ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്.