ഇറാന്‍ യുദ്ധം: യുകെ വിദേശകാര്യ വകുപ്പ് പ്രത്യേക ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം തുടരുന്നതിനിടെ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. ദുബായില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് പ്രത്യേക ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു.
സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ വിവിധ നഗരങ്ങളില്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് കുടുങ്ങിയിരിക്കുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാണ് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. അവശരായവര്‍ക്കും പ്രായമായവര്‍ക്കും ചാര്‍ട്ടര്‍ വിമാനങ്ങളിലെ ബുക്കിംഗില്‍ മുന്‍ഗണന നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലുണ്ടെന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രിട്ടീഷ് പൗരന്മാരുമായി നേരിട്ട് ബന്ധപ്പെടുകയും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച തന്നെ ഗള്‍ഫ് മേഖലയിലെ ചില നഗരങ്ങളില്‍ നിന്നും പ്രത്യേക സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ സംഘര്‍ഷം വര്‍ദ്ധിക്കുകയാണ്. ജനവാസ മേഖലയിലും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന് സമീപമുള്ള പ്രദേശങ്ങളില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണ ഭീഷണി തുടരുകയാണ്. തകര്‍ത്തിട്ട ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടം ഒരു കാറിനു മേല്‍ പതിച്ചതിനെ തുടര്‍ന്ന് ദുബായില്‍ ശനിയാഴ്ച്ച ഒരാള്‍ മരണമടഞ്ഞിരുന്നു. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി കൂടുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.