പത്തുദിവസത്തെ മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ ഫലമായി യുകെയിലെ എനര്‍ജി മേഖല കടുത്ത പ്രതിസന്ധിയില്‍. ഈ ദിവസങ്ങള്‍ക്കിടെ ഫികസ്ഡ് എനര്‍ജി ഡീലുകളില്‍ 100 പൗണ്ട് വരെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്യാസ് നിരക്കുകള്‍ വീണ്ടും ഉയരുന്നുവെന്നാണ് സൂചന.
യുദ്ധത്തിനൊപ്പം യുകെ ഗ്യാസ് വിലകള്‍ ഇരട്ടിക്കുകയാണ് ചെയ്തത്. ഒരു തെര്‍മിന് കേവലം 77.93 പെന്‍സായിരുന്ന നിരക്ക് ഇപ്പോള്‍ 155 പെന്‍സിലാണ്. അതേസമയം പ്രൈസ് ക്യാപ്പും, ഫിക്‌സഡ് ഡീല്‍ താരിഫുമുള്ളതിനാല്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും വില വര്‍ദ്ധനവിന്റെ ആഘാതം പെട്ടെന്ന് അറിയില്ല.
പ്രൈസ് ക്യാപ്പ് ഏപ്രിലില്‍ 1758 പൗണ്ടില്‍ നിന്നും 1641 പൗണ്ടായി താഴുമെന്നായിരുന്നു പ്രതീക്ഷയും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നിരക്കുകള്‍ വീണ്ടും ഉയരാനാണ് സാധ്യത. ജൂലൈയിലെ റിവ്യൂവില്‍ 1800 പൗണ്ട് വരെ നിരക്ക് വര്‍ദ്ധിക്കാം. ഫിക്‌സഡ് പ്രൈസ് താരിഫുകളുടെ കാലാവധി കഴിയുമ്പോഴാണ് കുടുംബങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ട് അറിയുക. സപ്ലൈയര്‍മാര്‍ ഇതിനകം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഗ്യാസ് വില ഇരട്ടിയായ ഘട്ടത്തില്‍ അവസരം മുതലാക്കി ജനങ്ങളെ പിഴിയരുതെന്ന് മന്ത്രിമാര്‍ ഹീറ്റിംഗ് ഓയില്‍ സപ്ലൈയേഴ്‌സിന് മുന്നറിയിപ്പ് നല്‍കി. 1.5 മില്ല്യണ്‍ കുടുംബങ്ങളാണ് ഹീറ്റിംഗ് ഓയിലിനെ ആശ്രയിക്കുന്നത്. ഓഫ്-ഗ്രിഡ് ഏരിയകളില്‍, പ്രധാനമായും ഗ്രാമീണ മേഖലകളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഗവണ്‍മെന്റ് പ്രൈസ് ക്യാപ് ബാധകമല്ല.
ഇറാനില്‍ അമേരിക്കയും, ഇസ്രയേലും യുദ്ധം ആരംഭിച്ചതോടെ നിരക്കുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം ഹീറ്റിംഗ് ഓയില്‍ വില ലിറ്ററിന് 60 പെന്‍സ് ഉണ്ടായിരുന്നത് ഇന്നലെ 1.30 പൗണ്ടായാണ് ഉയര്‍ന്നത്.