ബോസ്റ്റണില്‍ നിര്യാതനായ അനൂജ് കുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
പ്രെസ്റ്റന്‍: യുകെയില്‍ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ബോസ്റ്റണിലെ അനൂജ് കുമാറിന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദരാഞ്ജലികള്‍. അനൂജ് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ വേദനിക്കുന്ന ജീവിതപങ്കാളി സന്ധ്യയുടെയും മക്കള്‍ അകുലിന്റെയും ഗോകുലിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കോവിഡ് ലക്ഷണങ്ങള്‍ ആരംഭിച്ച് വീട്ടില്‍ ഐസൊലേഷനില്‍ ആയിരുന്ന അനൂജ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ബോസ്റ്റണിലും ലസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം ജില്ലയില്‍ വെളിയന്നൂര്‍ കുറ്റിക്കോട്ട് കുടുംബാംഗമായ അനൂജ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ലസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ച് മരണമടയുന്നത്.
ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കോവിഡ് ബാധിച്ച രോഗികള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചു സേവനം ചെയ്ത അനൂജ് കുമാര്‍ തന്റെ ജീവന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അനൂജിന്റെ കുടുംബത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതായും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും തന്റെ അനുശോചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.