സ്പിരിച്വല്‍

എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ന്

എയ്ല്‍സ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥടന കേന്ദ്രമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രാര്‍ത്ഥിക്കുകയും, ദൈവിക അഭിഷേകം സ്വീകരിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഈ തിരുനാളില്‍ സംബന്ധിക്കുവാന്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ ആണ് ഇവിടെയെത്തുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും.

1251 ല്‍ വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന് പരി. അമ്മ പ്രത്യക്ഷപ്പെട്ട്, തന്റെ സംരക്ഷണത്തിന്റെ അടയാളമായ വെന്തിങ്ങ (ഉത്തരീയം) വിശുദ്ധന് നല്‍കിയത് എയ്ല്‍സ്‌ഫോഡില്‍ വച്ചാണ്. വെന്തിങ്ങ ധരിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് എയ്ല്‍സ്‌ഫോര്‍ഡിലെ റെലിക് ചാപ്പലിലാണ്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചെത്തുന്ന നാനാജാതി മതസ്ഥരുടെ ആശാകേന്ദ്രമാണ് ഈ പുണ്യഭൂമി.

ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കര്‍മ്മലമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാലരാമത്തിലൂടെ നടത്തുന്ന ജപമാലയോടുകൂടി തീര്‍ത്ഥാടന പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് 1 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. വി. കുര്‍ബാനക്കു ശേഷം 3 മണിക്ക് വിശുദ്ധരുടെ രൂപങ്ങളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും. സമാപനശീര്‍വാദത്തിനു ശേഷം 4 മണിക്ക് സ്‌നേഹവിരുന്ന്, ഈ രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

രൂപതയിലെവിവിധ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമുള്ള വൈദികര്‍, സന്യാസിനികള്‍, റീജിയണല്‍ കമ്മറ്റി അംഗങ്ങള്‍, അല്മായര്‍ തുടങ്ങിയവര്‍ തിരുന്നാളിന് നേതൃത്വം നല്‍കും. തിരുന്നാളിനോടനുബന്ധിച്ച് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും കഴുന്ന്, മുടി, അടിമ എന്നിവ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാള്‍ പ്രസുദേന്തിമാരാകാന്‍ ആഗ്രഹം ഉള്ളവര്‍ തിരുന്നാള്‍ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. തീര്‍ത്ഥാടന ഒരുക്കത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 23 വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 7 വരെ ഓണ്‍ലൈനില്‍ പ്രത്യക പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ക്രമീകരിച്ചിട്ടുള്ളതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

മഹാമാരിയുടെയും പ്രതിസന്ധികളുടെയും ഈ കാലത്ത് തിരുനാളില്‍ സംബന്ധിച്ച് പരി. അമ്മയുടെ സംരക്ഷണം പ്രത്യേകമായി ലഭിക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions