ലണ്ടനില്‍ പൂരപ്പറമ്പൊരുക്കി മട്ടന്നൂര്‍ -ജയറാം ടീമിന്റെ 'മേളപ്പെരുമ'; പാട്ടിന്റെ പാലാഴി തീര്‍ത്ത് ചിത്രയും സംഘവും
ലണ്ടന്‍: ബ്രിട്ടനിലെ വാദ്യ- സംഗീത ആസ്വാദകരെ കോരിത്തരിപ്പിച്ച് നവധാര സ്‌കൂള്‍ ഓഫ് മ്യൂസിക് ലണ്ടന്റെ ആഭിമുഖ്യത്തില്‍ മേളപ്പെരുമ. വിനോദ് നവധാര എന്ന കലാകാരന്റെ ആത്മസമപ്പണത്തിന്റെ ഭാഗമായി ബ്രിട്ടന്റെ വിവധ ഭാഗങ്ങളില്‍ കുടിയേറിയ മലയാളി സമൂഹത്തിലാകെ ആവേശമായി മാറിയ ചെണ്ട എന്ന കലാരൂപത്തിന്റെ മറക്കാനാവാത്ത ഉല്‍സവവേദിയായിരുന്നു ശനിയാഴ്ച ഹാരോയില്‍ നടന്ന മേളപ്പെരുമയുടെ രണ്ടാം എഡിഷന്‍.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കും മക്കള്‍ക്കും ഒപ്പം പ്രശസ്ത സിനിമാതാരം ജയറാമിനുമൊപ്പം അഞ്ഞൂറോളം ചെണ്ടക്കാരാണ് രണ്ടര മണിക്കൂറോളം ആടിത്തിമിര്‍ത്ത് ആസ്വാദകരെ കോരിത്തരിപ്പിച്ചത്. ഈ ആവേശത്തിന്റെ കൊടുമുടിയില്‍ കുളിര്‍കാറ്റുപോലെ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും പിന്നണി ഗായകന്‍ മധുബാലകൃഷ്ണനും പാട്ടുകളുടെ കെട്ടഴിച്ചപ്പോള്‍ ആവേശത്തിനൊപ്പം രണ്ടായിരത്തോളം കാണികള്‍ക്കു അത് അവിസ്മരണീയ വിരുന്നായി.
ഹാരോയിലെ ബൈറോ ണ്‍ ഹാളില്‍ അരങ്ങേറിയ മേളപ്പെരുമക്ക് അക്ഷരാര്‍ഥത്തില്‍ പൂരപ്പറമ്പിന്റെ പ്രതീതി സൃഷ്ടിക്കാനായി. സംഘാടക മികവ് കൊണ്ടും മികവുറ്റ കലാപ്രതിഭകളെ കൊണ്ടും അനുഗ്രഹീതമായിരുന്ന കലാസന്ധ്യയില്‍ അണിനിരന്നത് രണ്ടായിരത്തിലധികം മലയാളികളാണ്.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2019ലായിരുന്നു പ്രശസ്ത സിനിമാ നടനും ചെണ്ടമേള വിദഗ്ധനുമായ ജയറാമിന്റെ നേത്വത്തില്‍ മേളപ്പെരുമ ലണ്ടനില്‍ ആദ്യമായി അരങ്ങേറിയത്. ജയറാമിന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം അന്ന് ബ്രിട്ടണിലെ പ്രവാസികള്‍ക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു. വന്‍വിജയമായിരുന്ന മേളപ്പെരുമയുടെ ചരിത്രാവര്‍ത്തനമായിരുന്നു അതേ ജയറാമിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഹാരോയിലെ ബൈറോണ്‍ ഹാളില്‍. ഒപ്പം മേളത്തിന്റെ തലതൊട്ടപ്പനായ മട്ടന്നൂരും ചേര്‍ന്നപ്പോള്‍ ആവേശം ഇരട്ടിയായി.
ആസ്വാദനത്തിന്റെ സമസ്ത മണ്ഡലങ്ങളെയും കീഴ്പെടുത്തി കാണികളെ ത്രസിപ്പിക്കുന്ന ഇലഞ്ഞിത്തറമേളത്തിന്റെ പാണ്ടിമേളം, ചെണ്ടയുടെ ഏല്ലാ ആഢ്യത്വവും വിളിച്ചോതുന്ന പഞ്ചാരി, മത്സര ഭാവമായ തായമ്പക, എല്ലാം മേളപ്പെരുമയുടെ ഒറ്റ രാത്രിയില്‍ ഒത്തുകൂടിയവര്‍ക്ക് ഒരു സ്റ്റേജില്‍ ആസ്വദിക്കാനായി. പാട്ടും മേളവും അടിപൊളി നൃത്തച്ചുവടുകളും ഒക്കെ കണ്ടും കേട്ടും, രുചിയേറും തനിനാടന്‍ കേരള ഭക്ഷണവുമൊക്കെ ആസ്വദിച്ച്, എക്കാലത്തേക്കും മനസ്സുനിറയെ കുറെ നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കാനായി യുകെ മലയാളി സമൂഹത്തിന്.