അസോസിയേഷന്‍

വയനാടിന് കൈത്താങ്ങാകാന്‍ കൂടുതല്‍ മലയാളി അസോസിയേഷനുകള്‍ രംഗത്ത്

വയനാടിന് കൈത്താങ്ങാകാന്‍ യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തില്‍ സഹകരിക്കുവാന്‍ കൂടുതല്‍ മലയാളി അസോസിയേഷനുകള്‍ രംഗത്ത്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സര്‍ഗം മലയാളി അസോസിയേഷന്‍, സ്റ്റിവനേജ് ഫണ്ട് ശേഖരണത്തില്‍ യുക്മയുമായി സഹകരിക്കുവാന്‍ തീരുമാനിച്ചു. സര്‍ഗം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരന്‍, ട്രഷറര്‍ ജെയിംസ് മുണ്ടാട്ട് എന്നിവരടങ്ങുന്ന സഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനം യുക്മ നേതൃത്വത്തെ അറിയിച്ചത്. സര്‍ഗം മലയാളി അസോസിയേഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു.

വയനാട് ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് നിരവധി അംഗ അസോസിയേഷനുകളും യുകെയിലെ മറ്റ് മലയാളി അസോസിയേഷനുകളും യുക്മയുമായി ചേര്‍ന്ന് വയനാടിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് തീരുമാനമെടുത്ത് കഴിഞ്ഞു.

ഭാരതത്തില്‍ തന്നെ ഏറ്റവും വലിയ ദേശീയ ദുരന്തമായി മാറിയ വയനാടിന് വേണ്ടി ലോകമെമ്പാടു നിന്നും സഹായഹസ്തമൊഴുകുന്നുണ്ടെങ്കിലും അവിടുത്തെ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ സഹായം ആവശ്യമാകുമെന്ന തിരിച്ചറിവിലാണ് യുകെ മലയാളികളുടെ ദേശീയ സംഘടനയും പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനയുമായ യുക്മ ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകുന്നത്. യുക്മയുടേയും യുക്മ ചാരിറ്റി ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വയനാട് ദുരന്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് ഫണ്ട് ശേഖരണം ദേശീയ തലത്തില്‍ ഏകോപിപ്പിക്കുവാന്‍ യുക്മ ദേശീയ സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത് വയനാട് സ്വദേശിനിയും യുക്മ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ സെലീന സജീവ്, വയനാടുമായി അടുത്ത ബന്ധമുള്ള യുക്മയുടെ മുതിര്‍ന്ന നേതാക്കളിലൊരാളും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റുമായ ജെയ്‌സന്‍ ചാക്കോച്ചന്‍ എന്നിവരാണ് ഫണ്ട് ശേഖരണത്തിന്റെ പ്രവര്‍ത്തനകള്‍ ഏകോപിപ്പിക്കുന്നത്.

കേരളം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങളുമായിട്ടാണ് യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും പ്രവര്‍ത്തിക്കുന്നത്. യുക്മ ദേശീയ സമിതി യോഗം

വയനാട് ദുരന്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്

എല്ലാ യുക്മ അംഗ അസോസിയേഷനുകളെയും ഏകോപിപ്പിച്ചു കൊണ്ട് പോകുവാനും, യുക്മയ്ക്ക് പുറത്തുള്ള സംഘടനകളെയും വ്യക്തികളെയും, സ്വദേശികളും വിദേശികളുമായവരെയും, മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരായവരെയും ഈ ചാരിറ്റി ഫണ്ട് ശേഖരണത്തില്‍ സഹകരിപ്പിക്കുവാനാണ് യുക്മ ദേശീയ സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.

വയനാട് ദുരന്തത്തിന്റെ ആഘാതം വാക്കുകള്‍ക്കതീതമാണ്. മനുഷ്യന്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിലെമ്പാടും കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ മാതാപിതാക്കന്‍മാര്‍ നഷ്ടപ്പെട്ട മക്കളും, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കന്‍മാരും, കുടുംബാംഗങ്ങളെയും നാട്ടുകാരെയും നഷ്ടപ്പെട്ടവരും ഉള്‍പ്പെടുന്ന ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തിന് വേണ്ടി ലോകമെങ്ങു നിന്നും സഹായ ഹസ്തങ്ങള്‍ വയനാട്ടിലേക്ക് നീളുകയാണ്. യുകെയില്‍ ജീവിക്കുന്ന മലയാളികളായ നമുക്കോരുത്തര്‍ക്കും നമ്മുടെ കരുണാ ഹസ്തം എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ചൊരിയാം. ദുരന്തഭൂമിയില്‍ അവശേഷിക്കുന്ന നമ്മുടെ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു കൈത്താങ്ങാകുവാനുള്ള ധാര്‍മ്മികമായ ബാദ്ധ്യതയില്‍ കഴിയാവുന്ന തുക ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

2018ലെ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി യുക്മ അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ ഫണ്ട് ശേഖരണത്തില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ച് പത്തോളം അര്‍ഹരായ ആളുകള്‍ക്ക് വീടുകള്‍ പണിയിപ്പിച്ചു നല്‍കാനായത് യുക്മയുടെ കഴിഞ്ഞ കാല ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അഭിമാനാര്‍ഹമായ കാര്യമായി വിലയിരുത്തപ്പെടുന്നു.


കഴിഞ്ഞ പ്രാവശ്യം സഹായത്തിന് അര്‍ഹരായവരെ നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തവരുടെ ലിസ്റ്റില്‍ നിന്നും ഏറ്റവും പാവപ്പെട്ടവരും അര്‍ഹരുമായവര്‍ക്കായിരുന്നു യുക്മ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇത്തവണയും അതേ മാനദണ്ഡം പാലിച്ചായിരിക്കും ലഭിക്കുന്ന തുക ചിലവഴിക്കുന്നത്.

ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍പത്തെയെന്ന പോലെ യുക്മ മുന്‍ഗണന നല്‍കിയിരിക്കുന്നത്.


യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഫണ്ട് ശേഖരണം യുക്മ റീജിയണല്‍ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടേയും യു കെ മലയാളികളുടേയും മറ്റെല്ലാ സുമനസുകളുടേയും സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്.


ചെറുതും വലുതുമായി ഒരോരുത്തര്‍ക്കും നല്‍കാന്‍ കഴിയുന്ന പരമാവധി തുക ഇതിനായി രൂപീകരിച്ചിരിക്കുന്ന ലിങ്കിലൂടെ നല്‍കി ഈ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ യുകെ മലയാളി സമൂഹത്തോട് യുക്മ ദേശീയ സമിതിക്കു വേണ്ടി യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.


യുക്മ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരത്തില്‍ സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പണം അയക്കാവുന്നതാണ്.


https://gofund.me/0ca28a27


അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions