പ്രീപേയ്‌മെന്റ് മീറ്ററുകള്‍ ഉപയോഗിക്കുന്ന യുകെയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വരുമാനത്തിന്റെ കാല്‍ശതമാനത്തോളം എനര്‍ജി ബില്‍ ഇനത്തില്‍ ചെലവാക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ വിന്ററില്‍ എനര്‍ജി ഉപയോഗം വര്‍ദ്ധിക്കുന്ന സമയത്താണ് എനര്‍ജി ബില്ലുകള്‍ ഈ വിധം ഷോക്കടിക്കുന്നത്.
രാജ്യത്ത് താപനില താഴുന്ന സമയത്ത് ഉയര്‍ന്ന ഗ്യാസ്, വൈദ്യുതി നിരക്കുകളും, തണുപ്പേറിയ മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗവും ചേരുന്നതോടെയാണ് കുടുംബങ്ങള്‍ക്ക് ഇതൊരു ആഘാതമായി മാറുന്നത്. പാവപ്പെട്ട കുടുംബങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്യുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു.
പ്രീപേയ്‌മെന്റ് മീറ്ററുള്ള 4 മില്ല്യണ്‍ വീടുകള്‍ക്ക് വരുമാനത്തിന്റെ 30 ശതമാനമെങ്കിലും ചെലവ് വരുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണക്കാക്കുന്നത്. വരുമാനം കുറഞ്ഞ കുടുംബങ്ങളാണ് പൊതുവായി പ്രീപേയ്‌മെന്റ് മീറ്ററുകളെ ആശ്രയിക്കുന്നത്. ഇത് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി ശോഷിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതോടെ പല കുടുംബങ്ങളും ഉപയോഗം കുറച്ച്, തണുപ്പിലും, ഇരുട്ടിലും കഴിയാന്‍ നിര്‍ബന്ധിതമാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ജനുവരിയില്‍ പ്രൈസ് ക്യാപ്പ് 1.2% വര്‍ദ്ധിപ്പിക്കുമെന്നാണ് എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം പ്രഖ്യാപിച്ചിരിക്കുന്നത്.