കട്ടപ്പനയിലെ മുന്‍ പ്രവാസി നിക്ഷേപകന്റെ മരണം: മൂന്നു ബാങ്ക് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: കട്ടപ്പനയിലെമുന്‍ പ്രവാസി നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ മൂന്ന് ബാങ്ക് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റ് സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ മൂവരുടെയും പേരുകള്‍ ഉണ്ടായിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇവര്‍ക്ക് എതിരെ പൊലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടില്ല. അതിനിടെയാണ് ആരോപണവിധേയരായവരെ സസ്പെന്‍ഡ് ചെയ്തുള്ള ഭരണസമിതിയുടെ നടപടി.
സംഭവത്തില്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. അതിനിടെ ഭരണസമിതിയംഗം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് സാബുവിന്റെ കുടുംബം ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിനു മാത്രമാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാബുവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഭീഷണിസന്ദേശം പുറത്തുവന്ന പശ്ചാത്തലത്തില്‍ സാബുവിന്റെ ഫോണും പരിശോധനയ്ക്കു വിധേയമാക്കി. സൊസൈറ്റിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു ആണ് ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആണ് ആത്മഹത്യ. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്.
കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാല്‍ മാസംതോറും നിശ്ചിത തുക നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതല്‍ തുക ആവശ്യപ്പെട്ട് ഇന്നലെ ബാങ്കിലെത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു.
സാബുവിന്റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചില്ലെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്കില്‍ നിന്ന് തന്റെ ഭാര്യയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.