കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി. വാസുദേവന്‍ നായര്‍(91) ഇനി ദീപ്തസ്മരണ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഒരു മാസത്തിനിടെ പല തവണയായി ആശുപത്രിയില്‍ ചികില്‍സ തേടിയ എംടിയുടെ നില അതീവ ഗുരുതമായ അവസ്ഥയിലേക്ക് മാറിയിരുന്നു. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കള്‍: സിതാര, അശ്വതി.
സാഹിത്യത്തിലും സിനിമയിലും നാടകത്തിലും, പത്രപ്രവര്‍ത്തനവും ഉള്‍പ്പെടെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം കയ്യൊപ്പ് പതിച്ച അദ്ദേഹം നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത്, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായി. പത്മഭൂഷണ്‍, ജ്ഞാനപീഠം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍, വയലാര്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം ,കേരള നിയമസഭ പുരസ്‌കാരം മുതലായ ലഭിച്ചിട്ടുണ്ട്.
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തിനും പുറമേ അദ്ധ്യാപകനായും പത്രാധിപനായും തിളങ്ങി. 1995 ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിനു 2005-ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കിയാണ് രാജ്യം ആദരിച്ചത്.
പുന്നയൂര്‍ക്കുളത്ത് ടി നാരായണന്‍ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933, ജൂലൈയില്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനിച്ച മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എം.ടി എന്ന ചുരുക്കപ്പേരിലാണ് കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തില്‍ അടയാളപ്പെട്ടത്. മലമക്കാവ് എലിമെന്ററി സ്‌ക്കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌ക്കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂള്‍, ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനുമായി. കോളേജ് കാലം മുതല്‍ രചനാവൈഭവം പ്രകടമാക്കിയ അദ്ദേഹം 'പാതിരാവും പകല്‍വെളിച്ചവും' എന്ന നോവലിലൂടെയാണ് സാഹിത്യ മേഖലയില്‍ ശ്രദ്ധേയനായത്. 1958 ല്‍ ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ടി' നു കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 1970 ല്‍ 'കാല' ത്തിലൂടെ കേന്ദ്ര സാഹിത്യ പുരസ്‌ക്കാരവും നേടി. പില്‍ക്കാലത്ത് 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, രണ്ടാമൂഴം, പാതിരാവും പകല്‍ വെളിച്ചവും ഉള്‍പ്പെടെ അനേകം നോവലുകള്‍ക്ക് പുറമേ ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, ദാര്‍ എസ് സലാം തുടങ്ങി അനേകം കഥകളും എഴുതിയിട്ടുണ്ട്. സ്വന്തം കഥകള്‍ തന്നെ അദ്ദേഹം പിന്നെ സിനിമയ്ക്ക് തിരക്കഥയായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ഏവരും കൊതിച്ചിരുന്ന തിരക്കഥകളായിരുന്നു അദ്ദേഹത്തിന്റേത്. 1969 ല്‍ സ്റ്റുഡിയോയ്ക്ക് പുറത്തു ചിത്രീകരിച്ച ആദ്യ മലയാളസിനിമ ഓളവും തീരവും എഴുതിക്കൊണ്ട് തിരക്കഥാരചനയിലേക്ക് കടന്ന അദ്ദേഹം ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ, വൈശാലി, പെരുന്തച്ചന്‍, താഴ്‌വാരം, പഞ്ചാഗ്നി, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, സദയം, അടിയൊഴുക്കുകള്‍, ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ അനേകം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കി. അദ്ദേഹം അവസാനം ചെയ്ത സിനിമ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ നായകനായ ഒരു ചെറു പുഞ്ചിരിയാണ്.
മലയാളസിനിമയില്‍ അമ്പതിലേറെ തിരക്കഥ എഴുതിയിട്ടുള്ള അദ്ദേഹത്തിന് തിരക്കഥയ്ക്ക് നാലിലേറെ തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് . 1963-64 കാലത്ത് സ്വന്തം കഥയായ 'മുറപ്പെണ്ണ്' തിരക്കഥയെഴുതിയാണ് സിനിമാവേദിയിലേക്ക് കടന്നുവന്നത്. 1973-ല്‍ നിര്‍മ്മാല്യത്തിലൂടെ സംവിധായകനുമായി. ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയപുരസ്‌കാരം ലഭിച്ചു. 'രണ്ടാമൂഴം' (1985വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ലോക സാഹിത്യത്തില്‍ മലയാളത്തിന്റെ മേല്‍ വിലാസമായിരുന്നു എം.ടി വാസുദേവന്‍ നായര്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹിത്യത്തിലെ ഗുരുക്കന്മാരില്‍ ഒരാള്‍.
20-ആം വയസ്സില്‍, കെമിസ്ട്രി ബിരുദധാരിയായപ്പോള്‍, ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥാ മത്സരത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള സമ്മാനം നേടി. 23-ആം വയസ്സില്‍ എഴുതിയ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന നോവല്‍ നാലുകെട്ട് ‘The Legacy’ എന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 1958-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. മഞ്ഞ് ( Mist ), കാലം ( Time), അസുരവിത്ത് (The Prodigal Son) എന്നിവയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത അദ്ദേഹത്തിന്റെ മറ്റ് പ്രധാന നോവലുകള്‍.
ധൂര്‍ത്ത പുത്രന്‍ ഇംഗ്ലീഷിലേക്ക് ‘The Demon Seed’ എന്നും രണ്ടാമൂഴം ഇംഗ്ലീഷിലേക്ക്’Bhima – Lone Warrior’ എന്നും വിവര്‍ത്തനം ചെയ്തു. അദ്ദേഹത്തിന്റെ ആദ്യകാലങ്ങളിലെ ആഴത്തിലുള്ള വൈകാരികാനുഭവങ്ങള്‍ എം.ടിയുടെ നോവലുകളുടെ രൂപീകരണത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക കൃതികളും അടിസ്ഥാന മലയാള കുടുംബ ഘടനയെയും സംസ്കാരത്തെയും കേന്ദ്രീകരിച്ചുള്ളവയാണ്. അവയില്‍ പലതും മലയാള സാഹിത്യ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. നാലുകെട്ട്, അസുരവിത്ത്, കാലം എന്നിവയാണ് കേരളത്തിലെ മാതൃാധിപത്യ കുടുംബത്തിലെ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൂന്ന് പ്രധാന നോവലുകള്‍. ഭീമസേനന്റെ വീക്ഷണകോണില്‍ നിന്ന് മഹാഭാരതത്തിന്റെ കഥ പുനരവതരിപ്പിക്കുന്ന രണ്ടാമൂഴം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി പരക്കെ അംഗീകരിക്കപ്പെടുന്നു.