ഭാര്യയെ നോക്കാന്‍ വിആര്‍എസ് എടുത്തു, യാത്രയയപ്പു ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
രോഗിയായ ഭാര്യയെ നോക്കാനായി വോളന്റററി റിട്ടയര്‍മെന്റ് എടുത്ത ഭര്‍ത്താവിന്റെ യാത്രയയപ്പു ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഇനിയുള്ള കാലം രോഗിയായ ഭാര്യയെ സംരക്ഷിച്ച് കൂടെ നില്‍ക്കാമെന്ന ചിന്തയിലാണ് ഇദ്ദേഹം നേരത്തെ ജോലിയില്‍ നിന്നും പിരിഞ്ഞുപോരാനായി തീരുമാനിച്ചത്. പക്ഷെ വിധി അദ്ദേഹത്തിനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ചടങ്ങിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.
സാന്‍ഡലിന്റെ യാത്രയയപ്പ് ചടങ്ങു നടക്കുകയായിരുന്നു. ദേവേന്ദ്ര സാന്‍ഡലിന്റെയും ഭാര്യ ടീനയുടേയും ആ നിമിഷങ്ങള്‍ അതിവേഗത്തില്‍ ദുരന്തമായി മാറി. പെന്‍ഷനാവാന്‍ മൂന്നുവര്‍ഷം കൂടിയുള്ളപ്പോഴാണ് സാന്‍ഡല്‍ വിആര്‍എസ് എടുത്തത്. ടീനയ്ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സാന്‍ഡല്‍ പുറകുവശം തടവികൊടുക്കാന്‍ ശ്രമിക്കുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ ടീന മുന്‍വശത്തെ മേശയ്ക്ക് മുകളിലേക്ക് കമിഴ്ന്നുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം സ്ഥിരീകരിച്ചു.