മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് വിടവാങ്ങി; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍
മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പത്തുമണിയോടെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം.
ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മന്‍മോഹന്‍. ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26ന് ഗുര്‍മുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മന്‍മോഹന്‍ വളര്‍ന്നത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ഉന്നത മാര്‍ക്കോടെ എം.എ പാസ്സായി. ശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയിലും ഓക്‌സ്ഫഡ് സര്‍വകലാശാലയിലുമായി പഠനം.
ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം രാഷ്ട്രീയ രംഗപ്രവേശനം നടത്തുന്നത്. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക്പരിചയപ്പെടുത്തിയത് മന്‍മോഹന്‍ സിങ് നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളിലൊന്നായിരുന്നു.
1991 ലാണ് മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ എത്തുന്നത്. അസം സംസ്ഥാനത്തില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം പിന്നീട് 1995, 2001,2007 ലും 2013 ലും അസമില്‍ നിന്നു തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1999 ല്‍ ദക്ഷിണ ഡല്‍ഹിയില്‍ നിന്നും ലോക സഭയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. 1991 മുതല്‍ 2024 വരെ 6 തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്ന മന്‍മോഹന്‍ സിങ് ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭാഗത്വം ഒഴിഞ്ഞു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലും അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) അംഗമെന്ന നിലയിലും ശ്രദ്ധനേടി. 2010 ല്‍ ടൈം മാസിക ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള 100 ആളുകളില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു. ഗുര്‍ശരണ്‍ കൗര്‍ ആണ് ഭാര്യ. ഉപീന്ദര്‍ സിങ്, ദാമന്‍ സിങ്, അമൃത് സിങ് എന്നിവര്‍ മക്കളാണ്.
മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. ഡല്‍ഹി ജന്‍പതിലെ വസതിയില്‍ എത്തിച്ച ഭൗതീകശരീരം മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം നടത്തുക. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനം ഉണ്ടാകും. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനിച്ചു വെച്ചിട്ടുള്ള ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കേരളസര്‍ക്കാരും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ പാടില്ലയെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയില്‍ മന്‍മോഹന്‍ സിംഗിന് അന്തിമോപചാരം അര്‍പ്പിക്കും. കോണ്‍ഗ്രസിന്റെ ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.