നാട്ടുവാര്‍ത്തകള്‍

പെരിയ ഇരട്ടക്കൊല: സിപിഎം മുന്‍ എംഎല്‍എയും ലോക്കല്‍ സെക്രട്ടറിയുമടക്കം 14 പ്രതികള്‍ കുറ്റക്കാര്‍



ഏറെ കോളിളക്കം സൃഷ്ടിച്ച കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 10 പ്രതികളെ വെറുതെ വിട്ടു. എറണാകുളം സിബിഐ കോടതിയാണ് ജഡ്‌ജ് എന്‍. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരണെന്ന് കോടതി അറിയിച്ചു.


കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി. കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.

ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍. പ്രതികള്‍ക്ക് ജനുവരി 3 ന് ശിക്ഷ വിധിക്കും

2019 ഫെബ്രുവരി 17ന് നടന്ന കൊലപാതക കേസില്‍ 24 പ്രതികളും 270 സാക്ഷികളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് അന്വേഷിച്ച കേസില്‍ 2023 ഫെബ്രുവരി രണ്ട് മുതല്‍ കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നു. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.


പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കൃത്യത്തിന് ​ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെവി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍, ഭാസ്കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി. കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ അഡ്വ. സികെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കേസില്‍ പരാതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു.

പെരിയ കേസില്‍ വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശരത്‌ലാലിന്റെ അമ്മ ലത. ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ലത പ്രതികരിച്ചു. അതേസമയം കേസില്‍ നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണമെന്നാണ് ഇരുവരുടെയും അമ്മമാര്‍ പറയുന്നത്.

  • ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
  • ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions