മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കണ്ണീരോടെ വിട നല്‍കി രാജ്യം. നിഗംബോധ്ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. യമുനാ തീരത്താണ് മന്‍മോഹന്‍ സിംഗിന് അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവര്‍ നിഗംബോധ് ഘട്ടില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ നേതൃത്വത്തിലാണ് സൈന്യം മന്‍മോഹന്‍ സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്ത് ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയാക്കി വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് സൈനിക ട്രക്കില്‍ മൃതദേഹം എത്തിച്ചത്.
രാവിലെ മന്‍മോഹന്‍ സിങിന്റെ വസതിയില്‍ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.