സിഡ്നി ടെസ്റ്റില്‍ രോഹിത് കളിക്കില്ല, ബുംമ്ര ക്യാപ്റ്റന്‍; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍
സിഡ്നി : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ മാറ്റം. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചു. രോഹിത് ശര്‍മ്മ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ യശ്വസി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് എത്തുകയും ചെയ്യും.
പരിക്കിനെ തുടര്‍ന്ന് ആകാശ് ദീപും അഞ്ചാം ടെസ്റ്റിന് ഉണ്ടാകില്ല. പകരക്കാരനായി പ്രസിദ് കൃഷ്ണ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. 2024ല്‍ 14 ടെസ്റ്റുകള്‍ കളിച്ച രോഹിത് ശര്‍മ 619 റണ്‍സ് മാത്രമാണ് നേടിയത്. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശര്‍മയുടെ അവസാന സെഞ്ച്വറി. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 30 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്താന്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവില്‍ 2-1ന് ഓസ്ട്രേലിയയാണ് മുന്നില്‍ നില്‍ക്കുന്നത്. പരമ്പര സമനിലയില്‍ ആയാല്‍ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കാന്‍ കഴിയും. ജസ്പ്രീത് ബുംമ്ര നായകനായി തിരിച്ചെത്തിയാല്‍ പെര്‍ത്തിലെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.