കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഉഗ്ര ഭൂചലനം. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47-ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്. 53 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 62 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ ചൈനയില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ബീഹാര്‍, ആസാം, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ചൈനയുടെ ടിബറ്റ് മേഖലയില്‍ 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ചൈനയുടെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയാണ് ഭൂകമ്പത്തിന് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ വിവിധയിടങ്ങളില്‍ പ്രകമ്പനത്തെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി നിന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കുന്നതിനനുസരിച്ച്, നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സിസാംഗിലാണ് രാവിലെ 6.35 ന് 7.1തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. 4.7, 4.9 തീവ്രതയുള്ള രണ്ട് തുടര്‍ചലനങ്ങള്‍ ഇതേ പ്രദേശത്ത് നിന്നുതന്നെ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.
ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്‌സെയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.