ലണ്ടനില്‍ വീണ്ടും അരുംകൊല: ഓടുന്ന ഡബിള്‍ ഡെക്കര്‍ ബസില്‍ കൗമാരക്കാരനെ യാത്രക്കാരുടെ കണ്‍മുന്നില്‍ കുത്തിക്കൊന്നു
സൗത്ത് ഈസ്റ്റ് ലണ്ടനില്‍ ഓടുന്ന ഡബിള്‍ ഡെക്കര്‍ ബസിലുണ്ടായ കത്തിയാക്രമണത്തില്‍ 14 കാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ആക്രമണത്തിന് ഇരയായ കുട്ടിക്ക് അടിയന്തിര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നുവരുന്ന സമയത്ത് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.
ബസില്‍ വച്ചു കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. സൗത്ത് ഈസ്റ്റ് ലണ്ടനിലെ A205 സൗത്ത് സര്‍ക്കുലര്‍ റോഡിനോട് ചേര്‍ന്നുള്ള ജംഗ്ഷനു സമീപം വൂള്‍വിച്ച് ചര്‍ച്ച് സ്ട്രീറ്റിലെ 472 ബസില്‍ ആണ് ദാരുണ സംഭവം അരങ്ങേറിയത്. ക്രൂരമായ കുറ്റകൃത്യമെന്നാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സംഭവത്തെ വിശദീകരിക്കുന്നത്.
ഉച്ചയ്ക്ക് 2.30-ഓടെ നടന്ന സംഭവങ്ങളെ കുറിച്ച് പട്രോളിംഗ് ഓഫീസര്‍ സഹജീവനക്കാര്‍ക്ക് അലേര്‍ട്ട് നല്‍കി. എന്നാല്‍ പാരാമെഡിക്കുകള്‍ എത്തിച്ചേര്‍ന്ന് ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. രാത്രി വൈകിയും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ബസില്‍ തെളിവുകള്‍ക്കായി പരിശോധന നടത്തി. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസില്‍ നിന്നുള്ള പാരാമെഡിക്കുകളും എയര്‍ ആംബുലന്‍സും എത്തിയതിന് തൊട്ടുപിന്നാലെ കൗമാരക്കാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സംഭവത്തോട് അനുബന്ധിച്ച് ആരെയും അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞവര്‍ഷം മാത്രം ലണ്ടനില്‍ 11 കൗമാരക്കാരായ ആണ്‍കുട്ടികള്‍ ആണ് കൊല ചെയ്യപ്പെട്ടത്. ലണ്ടന്‍ മേയര്‍ സര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. മറ്റ് യാത്രക്കാരുടെ കണ്‍മുന്നില്‍ വെച്ച് ഇത്തരമൊരു അക്രമം നടന്നതാണ് പ്രദേശവാസികളെ ഞെട്ടിക്കുന്നത്. ബസില്‍ പോലും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണോയെന്നാണ് ഇവരുടെ ചോദ്യം.
മറ്റൊരു 18 വയസ്സുകാരനെ കുത്തിക്കൊല്ലാന്‍ നോക്കിയ സംഭവം നടന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ഈ അക്രമം നടന്നിരിക്കുന്നത്. എന്നാല്‍ ഇരുസംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സമീപകാലത്തു കൗമാരക്കാര്‍ ഇരയാക്കപ്പെടുന്നതും പ്രതികളാക്കപ്പെടുന്നതുമായ കത്തിയാക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.