വാളയാര്‍ കേസില്‍ മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം; വിവാദം
വാളയാറില്‍ 13ഉം ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു. മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. കേസില്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
പോക്‌സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആറ് കേസുകളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊലപാതകമാണെന്നായിരുന്നു കുടുംബം അടക്കം ആരോപിച്ചത്. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസില്‍ അന്വേഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. അതിനിടെ കേസില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന എംജെ സോജന്‍ പ്രതികളെ രക്ഷപ്പെടാന്‍ പഴുതുകളുണ്ടാക്കി എന്ന് ആരോപണമുയര്‍ന്നു. കൂടാതെ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതില്‍ സംശയമില്ലെന്നും സോജന്‍ പറഞ്ഞിരുന്നത് ഏറെ വിവാദമായിരുന്നു.
കേസില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ് രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണിപ്പോള്‍ മാതാപിതാക്കളെയും പ്രതി ചേര്‍ത്തുള്ള സിബിയുടെ കുറ്റപത്രം. എടുത്ത് പറയേണ്ടത് ആത്മഹത്യാ പ്രേരണാ കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നതാണ്. സിബിഐ കുറ്റപത്രം പുറത്ത് വരുമ്പോള്‍ വാളയാര്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യ ആണെന്ന പൊലീസ് വാദം ശരിവക്കുകയാണ്. അപ്പോഴും നിരവധി സംശയങ്ങളാണ് ഉയരുന്നത്.