പത്തനംതിട്ട: കായികതാരമായ പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇപ്പോള്‍ 18 കാരിയായ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഇലവുംതിട്ട പൊലീസ് 40 പേര്‍ക്കെതിരെ കേസെടുത്തത്.
13 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ 64ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പരാതി. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിലാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പരിശീലകരും കായിക താരങ്ങളും സഹപാഠികളുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പീഡിപ്പിച്ചവര്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. ഇത് കണ്ടവരില്‍ ചിലരും പീഡിപ്പിച്ചു. സ്കൂളിലും വീട്ടിലും പൊതുസ്ഥലത്തും വച്ചാണ് പീഡനം നടന്നത്.
പീഡനകാലയളവില്‍ പെണ്‍കുട്ടിക്ക് ഫോണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിതാവിന്റെ ഫോണ്‍ കുട്ടി ഉപയോഗിക്കാറുണ്ടായിരുന്നു. പീഡിപ്പിച്ചവരില്‍ ചിലര്‍, പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്കാണ് വിളിച്ചിരുന്നത്. ഇതില്‍ 32 പേരുടെ പേരുകള്‍ ഫോണില്‍ സേവ് ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഇത്രയേറെ പ്രതികള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നത് അപൂര്‍വമായ കേസാണെന്ന് പൊലീസ് പറയുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.