ഷാരോണ്‍ വധക്കേസ്; പ്രതി 24 കാരി ഗ്രീഷ്മയ്ക്ക് വധശിക്ഷ
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര സെഷന്‍ കോടതി. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വര്‍ഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വര്‍ഷം തടവും വിധിച്ചു. വിധികേട്ട് ഒരുപ്രതികരണവുമില്ലാതെയാണ് ഗ്രീഷ്മ കോടതിയില്‍ നിന്നത്. അതേസമയം അമ്മാവന്‍ നിര്‍മല്‍ കുമാറിന് 3 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. 586 പേജുള്ള വിധിപ്രസ്താവമാണ് കോടതി പുറപ്പെടുവിച്ചത്.
കോടതിയുടെ വിധിന്യായം
ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിതിരിക്കാനാണെന്നും കോടതി പറഞ്ഞു. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. 48 സാഹചര്യത്തെളിവുകള്‍ ഗ്രീഷ്മക്കെതിരെ ഉണ്ട്. ഘട്ടം ഘട്ടമായാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. സ്നേഹബന്ധം തുടരുമ്പോഴാണ് ഗ്രീഷ്മ ഷാരോണിനെ കൊന്നത്. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ നടത്തിയതെന്നും കോടതി പറഞ്ഞു. പരമാവധി ശിക്ഷ നല്‍കരുതെന്ന നിയമം ഇല്ലെന്നും കോടതി പറഞ്ഞു.
വിധി പ്രസ്താവത്തിന് മുന്‍പ് കേസ് അന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. അന്വേഷണം സമര്‍ത്ഥമായി പൊലീസ് നടത്തിയെന്ന് കോടതി പറഞ്ഞു. അതേസമയം ഗ്രീഷ്മക്കെതിരായ വധശ്രമം തെളിഞ്ഞെന്നും കോടതി പറഞ്ഞു. ഷാരോണിന്റെ കുടുംബത്തെയും കോടതി വിളിപ്പിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും കോടതി പറഞ്ഞു. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദിച്ചതിന് തെളിവില്ല. യാതൊരു പ്രകോപനവുമില്ലാത്ത കൊലപാതകം. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല.
കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. സെഷന്‍സ് കോടതി ജഡ്ജി എം എ ബഷീര്‍ ആണ് കേസില്‍ വിധി പറഞ്ഞത്. അതേസമയം മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ രണ്ടാം പ്രതിയാണ് അമ്മ സിന്ധു. കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവന്‍ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി.
കാമുകിയായ ഗ്രീഷ്മ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളായിരുന്നു. 2022 ഒക്ടോബര്‍ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടര്‍ന്ന് ഷാരോണെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലര്‍ത്തിയ കഷായം നിര്‍ബന്ധിച്ചു നല്‍കുകയുമായിരുന്നു.
തിരികെ വീട്ടില്‍ എത്തിയ ഷാരോണ്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരിക്കുന്നത്. മരണമൊഴിയിലാണ് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിനോട് പറയുന്നത്. എന്നാല്‍ ഗ്രീഷ്മ ഒരിക്കലും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കില്ലെന്നും ഷാരോണ്‍ കൂട്ടി ചേര്‍ത്തു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ (24). കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണിവര്‍. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. 2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ തന്നെയാണ് ഈ രണ്ട് കേസുകളിലും ശിക്ഷ വധിച്ചത് എന്ന അപൂര്‍വതയുമുണ്ട്.