പിപിഇ കിറ്റില്‍ നടന്നത് വന്‍ അഴിമതി; റിപ്പോര്‍ട്ട് പുറത്തുവിട്ട് സിഎജി
കോവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് നടത്തിയ ക്രമക്കേടാണ് പുറത്തുവന്നിരിക്കുന്നത്. 10.23 കോടി രൂപയുടെ അധികബാധ്യത ഇതുവഴി സംസ്ഥാന സര്‍ക്കാരിനുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുകൂടാതെ പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 2020 മാര്‍ച്ച് 28 ന് പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഇടപാട് നടന്നത്. പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ സ്ഥിരം വിതരണക്കാരായ 3 പേരുള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ തയ്യാറായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതില്‍ ഒന്നാം പ്രതി. കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ചതില്‍ വെറുതെയിരിക്കില്ല, പുര കത്തുമ്പോള്‍ വാഴ വെട്ടി. ധനകാര്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സര്‍ക്കാരാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.