അസോസിയേഷന്‍

യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 22ന് ബര്‍മിംഗ്ഹാമില്‍

പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒന്‍പതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.

യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ കുര്യന്‍ ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റീജിയണല്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 ശനിയാഴ്ച യോര്‍ക് ഷെയര്‍ & ഹംമ്പര്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ഫെബ്രുവരി 9 ഞായറാഴ്ച ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയണിലും, ഫെബ്രുവരി 15 ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നതായിരിക്കും. മറ്റ് റീജിയണുകളില്‍ തിരഞ്ഞെടുപ്പ് പിന്നീട് നടത്തുന്നതാണ്.

ബര്‍മിംഗ്ഹാമിലെ എര്‍ഡിംഗ്ടണില്‍ രാവിലെ പത്തുമണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹക സമിതി യോഗം പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ ചേരും. ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ബര്‍മിംഗ്ഹാമിലേക്ക് എത്തിത്തുടങ്ങും.

ഉച്ചഭക്ഷണത്തിന് ശേഷം കൃത്യം ഒരുമണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വാര്‍ഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് നടക്കും.

യുക്മ സ്ഥാപിതമായ 2009-ല്‍ സ്ഥാപക പ്രസിഡന്റായി വര്‍ഗീസ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതൊരിക്കല്‍ കൂടി വര്‍ഗീസ് ജോണ്‍ യുക്മയെ നയിച്ചു. തുടര്‍ന്ന് വിജി കെ.പിയുടെ നേതൃത്വത്തില്‍ കമ്മിറ്റി ഭരണസാരഥ്യമേറ്റെടുത്തു. വിജിയും രണ്ടാമതൊരിക്കല്‍ കൂടി യുക്മയെ നയിക്കുകയുണ്ടായി. തുടര്‍ന്ന് ഫ്രാന്‍സീസ് മാത്യു കവളക്കാട്ട്, മാമ്മന്‍ ഫിലിപ്പ്, മനോജ് കുമാര്‍ പിള്ള എന്നിവരും യുക്മയുടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ യുക്മയുടെ തേരോട്ടത്തിനെ മുന്നില്‍ നിന്നും നയിച്ചു.

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ക്രിസ്റ്റല്‍ ഈയര്‍ (പതിനഞ്ചാം വാര്‍ഷികം) ആഘോഷങ്ങള്‍ക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയില്‍ 2025 ലെ ദേശീയ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ പത്ത് മേഖലകളില്‍നിന്നായി ഏകദേശം നാനൂറില്‍ പരം പ്രതിനിധികള്‍ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കുവാന്‍ ഫെബ്രുവരി 22ശനിയാഴ്ച എത്തിച്ചേരും എന്ന് വിലയിരുത്തപ്പെടുന്നു.

പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാന്‍ യുക്മ പ്രതിനിധികള്‍ക്ക് മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. പ്രതിനിധികള്‍ ആവശ്യമെങ്കില്‍ പ്രദര്‍ശിപ്പിക്കാന്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുവാന്‍ പ്രതിനിധികള്‍ ബാധ്യസ്ഥരാണ്.


പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:

URC CHURCH,

Holly lane,

Erdington,

B24 9JS.



Alex Varghese

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions